ഓപ്പറേഷൻ പി ഹണ്ട്; ഐ ടി പ്രൊഫഷണലുകൾ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ
ഓപ്പറേഷൻ പി ഹണ്ടിൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ പിടിയിലായത് ഐ ടി പ്രൊഫഷണലുകൾ ഉൾപ്പെടെ 10 പേർ. 161 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 186 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു.
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഓൺലൈൻ വഴി പ്രചരിപ്പിച്ചതിനാണ് 10 പേരെ അറസ്റ്റ് ചെയ്തത്. നേരത്തേ ഓപ്പറേഷൻ പി ഹണ്ടിൻ്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നവരും പുതിയ റെയ്ഡിൽ പിടിയിലായത് നിയമം നടപ്പിലാക്കുന്നതിലെ പാളിച്ചകളും അനാസ്ഥയും വെളിച്ചത്ത് കൊണ്ടുവരുന്നു.
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയാനും ഓൺലൈനിലൂടെയുള്ള ചൂഷണം കണ്ടെത്താനും കേരള പൊലീസ് തുടർച്ചയായി നടത്തിവരുന്ന പ്രവർത്തനമാണ് ഓപ്പറേഷൻ പി ഹണ്ട്. നേരത്തേ നിരവധി തവണ റെയ്ഡ് നടന്നിട്ടുണ്ട്. ഐ ടി പ്രൊഫഷണലുകൾക്കു പുറമേ ഡോക്ടർമാർ, എഞ്ചിനീയർമാർ, സമൂഹത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തികൾ ഉൾപ്പെടെ പിടിയിലായിട്ടുണ്ട്. സൈബർ ഡോം തലവൻ എ ഡി ജി പി മനോജ് എബ്രഹാമിൻ്റെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിമാരുടെ സഹകരണത്തോടെ ഐ ടി വിദഗ്ധർ അടങ്ങിയ സംഘമാണ് ഓപ്പറേഷൻ പി ഹണ്ടിന് പിന്നിൽ പ്രവർത്തിക്കുന്നത്.