നോക്കിയ പണികൊടുത്തു; ഓപ്പോയും വൺപ്ലസും സ്മാർട്‌ഫോണ്‍ വിൽപന നിർത്തി
ജർമ്മനി: ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളായ ഓപ്പോ, വൺപ്ലസ് എന്നിവ ജർമ്മനിയിൽ സ്മാർട്ട്ഫോണുകളുടെ വിൽപ്പന നിർത്തി. നോക്കിയയ്ക്കെതിരായ കേസ് പരാജയപ്പെട്ടതിനെ തുടർന്നാണ് രണ്ട് കമ്പനികളും രാജ്യത്ത് ഫോൺ വിൽപ്പന നിർത്തിയത്. ലൈസൻസില്ലാതെ 4 ജി, 5 ജി സിഗ്നലുകൾ കൈകാര്യം ചെയ്യുന്നതിന് തങ്ങൾക്ക് പേറ്റന്‍റ് ലഭിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചുവെന്നാരോപിച്ച് നോക്കിയ രണ്ട് കമ്പനികൾക്കെതിരെയും കേസ് ഫയൽ ചെയ്തിരുന്നു. കേസിൽ നോക്കിയയ്ക്ക് അനുകൂലമായി വിധി പറഞ്ഞ കോടതി ഫോൺ വിൽപ്പന നിർത്താൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. യൂറോപ്യൻ രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള ടെലികോം ഉപകരണ നിർമ്മാതാക്കളിൽ ഒന്നാണ് നോക്കിയ. ഇന്ത്യയിലും 5 ജി ശൃംഖലകൾ വിന്യസിക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ നൽകുന്നതിന് നോക്കിയ ഇന്ത്യൻ ടെലികോം കമ്പനികളുമായി സഹകരിക്കുന്നുണ്ട്.