നൂറു നിര്‍ദന കുടുംബങ്ങള്‍ക്ക് എസ് വൈ എസിന്‍റെ ആടും കൂടും
ജീവ കാരുണ്യ മേഖലയിൽ അവശരെ ചേർത്ത് പിടിക്കുക: എസ് വൈ എസ്
തളിക്കുളം: തൊഴിൽ നഷ്ടപെട്ട ആയിരങ്ങൾ ജീവിക്കുന്ന നാടാണ് നമ്മുടേത്. കോവിഡ് പ്രതിസന്ധി ഓരോ മേഖലയെയും ബാധിച്ചിട്ടുണ്ട്. സ്വയം പര്യാപ്തമായ സമൂഹമാണ് രാഷ്ട്ര പുരോഗതിക്കാവശ്യം. ഈ ആശയത്തെ ചേർത്തുപിടിച്ചു നിരവധി പ്രവർത്തനങ്ങളാണ് എസ് വൈ എസ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ അസ്സഖാഫി കുറ്റിയാടി പറഞ്ഞു. മത സ്പർദ്ധ സൃഷ്ടികുന്ന പരാമർശങ്ങൾ യാതൊരു നന്മയും സമൂഹത്തിനു നൽകുന്നില്ല. മറിച്ച് കാരുണ്യവും സഹജീവികളെ സ്നേഹിച്ചും ജീവിക്കുമ്പോഴേ അർത്ഥമുള്ളൂ. മതത്തിലേക്ക് ആളെ കൂട്ടേണ്ട ആവശ്യമില്ല. നൂറ്റാണ്ടുകളോളം ഇന്ത്യാ രാജ്യം ഭരിച്ച ഭരണാധികാരികൾ പോലും മത പരിവർത്തനത്തിനു മുതിർന്നിട്ടില്ല. മതം നോക്കാതെയുള്ള ജനസേവനം ആയിരുന്നു അവരുടെ മുഖ മുദ്രയെന്നും അദ്ദേഹം കൂട്ടി ചേർത്തു. എസ് വൈ എസ് ജില്ലാ സാമൂഹിക വിഭാഗം സംഘടിപ്പിച്ച ആടും കൂടും പദ്ധതിയുടെ ജില്ലാ തല വിതരണോദ്ഘാടന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു. എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ നൂറു കുടുംബങ്ങള്‍ക്കാണ് ആടും കൂടും വിതരണം ചെയ്യുന്നത്. തളിക്കുളം ദാറുല്‍ മുസ്തഫയില്‍ വെച്ച് നടന്ന ജില്ലാ ഉദ്ഘാടനം സി.സി മുകുന്ദന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് എന്‍ വി ഡോ. അബ്ദുറസാഖ് അസ്ഹരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഹമ്മദ്, തളിക്കുളം മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ഷൗക്കത്തലി, എസ് വൈ എസ് സംസ്ഥാന ദഅവാ ഡയറക്ടറേറ്റ് മെമ്പര്‍ പി എച്ച് സിറാജുദ്ദീന്‍ സഖാഫി, ഐ സി എഫ് ഒമാന്‍ പ്രതിനിധി ശാഹുല്‍ ഹമീദ് പെരിങ്ങോട്ടുകര,എസ് എം എ ജില്ലാ ജന:സെക്രട്ടറി ഗഫൂര്‍ മൂന്നുപീടിക, എസ് എസ് എഫ് ജില്ലാ പ്രസിഡന്‍റ് ഷിഹാബ് സഖാഫി താന്ന്യം എന്നിവര്‍ സംസാരിച്ചു. നൗഷാദ് മൂന്നുപീടിക, മിദ് ലാജ് മതിലകം, അഡ്വ ബദറുദ്ദീന്‍ അഹമ്മദ്, വരവൂര്‍ അബ്ദുല്‍ അസീസ് നിസാമി,ശരീഫ് പാലപ്പിള്ളി എന്നിവര്‍ സംബന്ധിച്ചു. ശമീര്‍ എറിയാട് സ്വാഗതവും ഹാഫിള് സ്വാദിഖലി ഫാളിലി നന്ദിയും പറഞ്ഞു.