അനുപമയുടെ കുഞ്ഞിന്റെ വിഷയം, സർക്കാർ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം പേരൂർക്കടയിൽ അമ്മയിൽനിന്ന് കുഞ്ഞിനെ തട്ടിയെടുത്ത് ശിശുക്ഷേമ സമിതിക്ക് നൽകിയ സംഭവത്തിൽ സർക്കാർ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമവിരുദ്ധമായി കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ സർക്കാരും പൊലീസും ശിശുക്ഷേമ സമിതിയുമെല്ലാം കുറ്റക്കാരാണ്. കുഞ്ഞിനെ കടത്തിയതിൽ വലിയ ദുരൂഹതയുണ്ട്. കുഞ്ഞ് ഇപ്പോൾ എവിടെയാണ് ഉള്ളതെന്ന് സർക്കാർ പറയണം. എസ് എഫ് ഐ മുൻ നേതാവായ അനുപമയ്ക്കു പോലും നീതി ലഭിച്ചില്ലെങ്കിൽ എന്താണ് കേരളത്തിലെ മറ്റു സ്ത്രീകളുടെ അവസ്ഥയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
അനുപമയുടെ കുഞ്ഞിന്റെ വിഷയം പാർട്ടിക്കാര്യമല്ല. ആറു മാസക്കാലമായി ഒരമ്മ സ്വന്തം കുഞ്ഞിനെത്തേടി എല്ലാ സർക്കാർ സംവിധാനങ്ങളെയും സമീപിച്ചിട്ടും എഫ് ഐ ആർ പോലും രജിസ്റ്റർ ചെയ്യാൻ തയ്യാറാവാത്ത സംവിധാനമാണ് ഇവിടെ നിലനിൽക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി എല്ലാം ചെയ്യുന്നതായി അവകാശപ്പെടുമ്പോഴാണ് ഇത്തരം അതിക്രമങ്ങൾ സംസ്ഥാനത്ത് അരങ്ങേറുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ നാൾക്കുനാൾ വർധിക്കുകയാണ്. പാർട്ടിക്കാർക്കെതിരായ സ്ത്രീപീഡന പരാതികൾ വന്നാൽ പാർട്ടിക്കോടതി പരിഹരിക്കും എന്നു പറഞ്ഞ വനിതാ കമ്മിഷൻ അധ്യക്ഷ ഉണ്ടായ നാടാണിത്. ഇവിടെയുള്ള ബാലാവകാശ കമ്മിഷൻ എന്തെടുക്കുകയാണെന്നും അറിയില്ല. എം ജി സർവകലാശാലയിൽ എസ് എഫ് ഐ ക്കാർ കയ്യേറ്റം ചെയ്തെന്നും പീഡിപ്പിച്ചെന്നും എ ഐ എസ് എഫ് വനിതാ നേതാവ് പരസ്യമായി പരാതിപ്പെട്ടിട്ടും പൊലീസ് ഇതുവരെ അനങ്ങിയിട്ടില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി.