തെറ്റായ വാർത്തകൾ പടച്ചുവിടുന്ന സംഘം തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
യാഥാർഥ്യവുമായി പുലബന്ധമില്ലാത്ത തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന ഒരു സംഘം തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
അടിസ്ഥാനമില്ലാത്ത വാർത്തകളാണ് മാധ്യമങ്ങളിൽ വരുന്നത്. താനും കെ പി സി സി പ്രസിഡണ്ടും തമ്മിൽ സംസാരിക്കാറില്ല എന്നുവരെ വാർത്തകൾ വന്നു. വാർത്ത വന്നതിൻ്റെ തലേദിവസം പോലും അദ്ദേഹവുമായി നാലഞ്ച് മണിക്കൂർ ഒന്നിച്ചിരുന്ന് സംസാരിച്ചതാണ്. തിരുവനന്തപുരത്ത് ഉള്ളപ്പോഴെല്ലാം കെ പി സി സി ആസ്ഥാനത്ത് പോയി പ്രസിഡണ്ടിനെ കാണാറുണ്ട്. എല്ലാ വിഷയത്തിലും ഫോണിൽ പരസ്പരം ബന്ധപ്പെടാറുണ്ട്. സത്യത്തിൻ്റെ കണിക പോലുമില്ലാത്ത വാർത്തകളാണ് പടച്ചുവിടുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
വാർത്തയുടെ സത്യസ്ഥിതി കൂടി മാധ്യമങ്ങൾ പരിശോധിക്കണം. തെറ്റായ വാർത്തകൾ മാധ്യമങ്ങളുടെ വിശ്വാസ്യതയെയാണ് ബാധിക്കുന്നത്. ഞങ്ങൾക്ക് ഒരു ചുക്കും സംഭവിക്കില്ല. ചില ആളുകൾ ബോധപൂർവം കുത്തിരിപ്പുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. പരിധി വിട്ടുപോയാൽ എവിടെ നിർത്തണമെന്നും ഞങ്ങൾക്കറിയാം
കെ പി സി സി പ്രസിഡണ്ടുമായി സംസാരിച്ച് പാർടി പുന:സംഘടന ഉടൻ പൂർത്തിയാക്കുമെന്ന് സതീശൻ പറഞ്ഞു. എല്ലാവരും ഒരുമിച്ച് നിന്നാൽ മാത്രമേ കേരളത്തിൽ കോൺഗ്രസും യു ഡി എഫും തിരിച്ചുവരികയുള്ളൂ