ഇന്നും മഴ; കൊച്ചിയിൽ വെള്ളക്കെട്ട് ; തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കൊച്ചി -കളമശേരി- വി ആർ തങ്കപ്പൻ റോഡിൽ 60 ലധികം വീടുകളിൽ വെള്ളം കയറി. ഫയർഫോഴ്‌സ് സ്‌കൂബ ഉപയോഗിച്ച് ആളുകളെ മാറ്റുകയാണ്.

WhatsApp Image 2022-05-19 at 10.29.34 AM.jpeg

അതിനിടെ, പൊരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് ലെവലിലേക്ക് ഉയർന്നിട്ടുള്ളതിനാൽ ഇന്ന് രാവിലെ ഒമ്പത് മണിക്ക് ശേഷം ഏതുസമയവും ഡാം തുറക്കാൻ സാധ്യതയുള്ളതാണെന്ന് കളക്ടറേറ്റ് കൺട്രോൾ റൂം അറിയിച്ചു.

കോഴിക്കോട് കൊയിലാണ്ടി പൊയിൽക്കാവ് ദേശീയപാതയിൽ മരം കടപുഴകി വീണു. പുലർച്ചെ നാലുമണിയോടെയാണ് ലോറിക്ക് മുകളിലേക്ക് മരം വീണത്. അപകടത്തിൽ ആർക്കും പരുക്കില്ല. ഏഴു മണിയോടെ മരം മുറിച്ച് ക്രെയിൻ സഹായത്തോടെ എടുത്ത് മാറ്റി. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതകുരുക്കുണ്ടായി.

മഴ ശക്തമാകുമ്പോൾ കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റി കടുത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ താലൂക്കുകളിലായി 10 ഇടങ്ങളിൽ ഉരുൾപൊട്ടലിനും 60 ഇടങ്ങളിൽ വെള്ളപ്പൊക്കത്തിനും 11 ഇടങ്ങളിൽ മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ് തുടരുകയാണ്. കേരളത്തിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി തമിഴ്നാടിന് മുകളിലേക്ക് മാറിയിട്ടുണ്ട്. നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

കാലവര്‍ഷമെത്തുന്നതിന് മുന്നോടിയായി ഇടുക്കിയിൽ സുരക്ഷ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. മാറ്റി പാര്‍പ്പിക്കേണ്ട കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ വില്ലേജ് ഓഫീസർമർക്ക് നിർദ്ദേശം നൽകിയതായി ഇടുക്കി ജില്ല കളക്ടർ ഷീബ ജോർജ്ജ് പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോൾ റൂമുകൾ തുറക്കും. റോഡില്‍ കാഴ്ച മറയ്ക്കുന്ന രീതിയിൽ വളർന്നു നിൽക്കുന്ന കാട് വെട്ടി നീക്കണം. തോട്ടം മേഖലയിൽ റോഡരുകിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റാൻ വനം വകുപ്പിനും നിര്‍ദേശം നല്‍കി.

Related Posts