മലബാറിൻ്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കുള്ള സ്ഥലം ഏറ്റെടുക്കാൻ ഉത്തരവായി
കോഴിക്കോട്: വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരം ബദൽ പാതയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കാനുള്ള ഉത്തരവ് ഇറങ്ങി. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ ഭാഗത്ത് 7.65 ഹെക്ടർ ഭൂമിയും, വയനാട് മീനാക്ഷി ബ്രിഡ്ജ് ഭാഗത്ത് 4.82 ഹെക്ടർ ഭൂമിയുമാണ് സർക്കാർ ഏറ്റെടുക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാർക്കാണ് ഭൂമി ഏറ്റെടുക്കൽ ചുമതല. ടണൽ ആരംഭിക്കുന്ന ആനക്കാംപൊയിൽ ഭാഗത്ത് തിരുവമ്പാടി,കോടഞ്ചേരി വില്ലേജുകളിലെ 7.6586 ഹെക്ടർ ഭൂമിയും, വയനാട് മീനാക്ഷി ബ്രിഡ്ജ് ഭാഗത്ത് കോട്ടപ്പടി,മേപ്പാടി വില്ലേജുകളിലെ 4.8238 ഹെക്ടർ ഭൂമിയുമാണ് സർക്കാർ ഏറ്റെടുക്കുക.
മറിപ്പുഴയിൽ ഇരവഴിഞ്ഞിപുഴക്ക് കുറുകെയുള്ള പാലം, ഇരു വശത്തും ടണലിലേക്കുള്ള 4 വരി റോഡ് എന്നിവ നിർമ്മിക്കുന്നതിനാണ് സ്ഥലം ഉപയോഗപ്പെടുത്തുക. തിരുവമ്പാടി,കോട്ടപ്പടി വില്ലേജുകളിൽ ഏറ്റെടുക്കുന്ന രണ്ടര ഹെക്ടർ വീതം സ്ഥലങ്ങൾ ഡംബിംഗ് യാഡ് നിർമ്മിക്കുന്നതിന് ഉപയോഗിക്കും.
2013-ലെ ഭൂമി ഏറ്റെടുക്കൽ റൂൾ പ്രകാരമാണ് ഏറ്റെക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരത്തുക നൽകുക. സ്ഥലമെറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കാൻ കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയാണ് സർക്കാറിന്റെ ഉത്തരവ്. ഇരു ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയുടെ നിർമ്മാണ ചുമതല കൊങ്കൺ റെയിൽവെ കോർപ്പറേഷനാണ്. പൊതുമരാമത്ത് വകുപ്പ് നോഡൽ ഏജൻസിയായി പ്രവർത്തിക്കും. 2020 ഒക്ടോബർ 5 ന് പദ്ധതിയുടെ ലോഞ്ചിംഗ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു.