ജൈവകൃഷിയും വിപണനവും ; ജില്ലാതല വിവരശേഖരണ ഉദ്ഘാടനം നടന്നു
തൃശൂർ: ജൈവകൃഷിയും വിപണനവും സംബന്ധിച്ച സർവ്വേയുടെ ഭാഗമായി ജില്ലാതല ഉദ്ഘാടനം തൃശൂർ കര്യാട്ടുകരയിൽ കലക്ടർ ഹരിത വി കുമാർ നിർവഹിച്ചു. ജൈവകൃഷിയും കർഷകരുമായി ബന്ധപ്പെട്ട സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിൻ്റെ നേതൃത്വത്തിൽ സർവ്വേ നടത്തുകയും തുടർന്നുള്ള പഠനങ്ങളിലൂടെ ജൈവ കൃഷിയ്ക്കും കർഷകർക്കുമുള്ള പിന്തുണ നൽകുകയുമാണ് ലക്ഷ്യം. കാര്യാട്ടുകരയിലെ ജൈവകർഷകനായ ഒടയാട്ടിൽ രാധാകൃഷ്ണൻ്റെ വീടിനോട് ചേർന്നാണ് ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചത്.
ജില്ലയിലെ ജൈവകൃഷിയുമായി ബന്ധപ്പെട്ട് ഏതൊക്കെ തരത്തിലുള്ള വിളകൾ കൃഷി ചെയ്യുന്നു, എത്രത്തോളം ഉൽപാദനം നടക്കുന്നു, എത്ര പ്രദേശങ്ങളിലായി കൃഷി ചെയ്യുന്നു, എന്തൊക്കെ ജൈവ വളങ്ങൾ ഉപയോഗിക്കുന്നു, വിപണന സാധ്യതകൾ എന്തൊക്കെ, ജൈവകർഷകർക്കുള്ള സംഭരണ സൗകര്യങ്ങൾ എത്രത്തോളമുണ്ട്, ജൈവ കൃഷി ചെയ്യുമ്പോൾ കർഷകർ നേരിടുന്ന പ്രയാസങ്ങൾ എന്തൊക്കെ, കർഷകർക്ക് മതിയായ വില കിട്ടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തുന്നത്.
കൃഷി വകുപ്പിൽ രജിസ്റ്റർ ചെയ്യ്തിട്ടുള്ള ജൈവകർഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 192 കർഷകരിലാണ് ജില്ലയിൽ സർവ്വേ നടത്തുക. സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിലെ പ്രത്യേകം പരിശീലനം ലഭിച്ച 13 സ്റ്റാറ്റിസ്റ്റിക്കൽ ഇൻവസ്റ്റിഗേറ്റർമാരാണ് ഫീൽഡ് സർവ്വേ നടത്തുക. ജൈവകർഷകരുടെ അടുത്ത് നേരിട്ട് ചെന്ന് വിവരങ്ങൾ ശേഖരിക്കും. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ഉൾപ്പെടുന്ന കൃഷിരീതികളെപ്പറ്റിയുള്ള സമഗ്ര റിപ്പോർട്ട് സർക്കാരിലേക്ക് നൽകും. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ പി ഷോജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ ലാലി ജെയിംസ്, റിസർച്ച് ഓഫീസർമാരായ എൻ ആർ മിനിമോൾ, പി എൻ രതീഷ് എന്നിവർ പങ്കെടുത്തു.