ദുരന്തനിവാരണ സാക്ഷരത അനിവാര്യം - മന്ത്രി കെ രാജൻ

പ്രളയ തയ്യാറെടുപ്പിനായി ടേബിൾ ടോപ്പ് എക്സർസൈസ് സംഘടിപ്പിച്ചു

ദുരന്തനിവാരണ സാക്ഷരത അനിവാര്യമാണെന്നും പ്രവചനാതീതമായി വന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുടെ കാലത്ത് ഓരോ വകുപ്പുകളും അവരവരുടെ ഉത്തരവാദിത്വങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വൈസ് ചെയർമാൻ കൂടിയായ റവന്യൂ മന്ത്രി കെ.രാജൻ. പ്രളയ തയ്യാറെടുപ്പിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓൺലൈനായി സംഘടിപ്പിച്ച ടേബിൾ ടോപ്പ് എക്സർസൈസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ദേശീയ ദുരന്ത നിവാരണ സേന, കേന്ദ്ര കാലാവസ്ഥ വകുപ്പ്, കേന്ദ്ര ജലകമ്മീഷൻ, സംസ്ഥാനത്തെ മറ്റ് വകുപ്പുകൾ എന്നിവർ പങ്കാളികളായ ടേബിൾ ടോപ്പ് എക്സർസൈസിൽ ജില്ലയിൽ നിന്ന് കലക്ടർ ഹരിത വി കുമാർ, ഡെപ്യൂട്ടി കലക്ടർമാർ, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ ഓൺ ലൈനായി പങ്കെടുത്തു.

ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ തയ്യാറെടുപ്പുകൾ യോഗത്തിൽ വലയിരുത്തി. ഒരു സാങ്കല്പിക ദുരന്ത സാഹചര്യത്തിൽ പ്രസ്തുത വകുപ്പുകൾ എങ്ങനെ പ്രവർത്തിക്കുമെന്ന് ടേബിൾ ടോപ്പ് എക്സർസൈസിലൂടെ പരിശോധിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിലെ അംഗങ്ങളാണ് സംസ്ഥാനത്തിൻ്റെയും തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളുടേയും പ്രവർത്തനങ്ങൾ വിലയിരുത്തിയത്. തൃശൂർ ജില്ലയിൽ നടന്ന മോക്ഡ്രില്ലിനെക്കുറിച്ച് യോഗത്തിൽ പരാമർശമുണ്ടായി.

ഒരു ദുരന്ത സാഹചര്യത്തിനോട് പ്രതികരിക്കാൻ മുൻകൂട്ടി തയ്യാറാക്കിയ ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം രൂപീകരിച്ചിട്ടുണ്ട്. അത് കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന പരിശോധനയും ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിലെ ഓരോ അംഗത്തിനും അവരുടെ ചുമതലകൾ നിർവഹിക്കാൻ സാധിക്കുന്നുണ്ടോ എന്നും യോഗം വിലയിരുത്തി.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗം ലെഫ്റ്റ്.ജനറൽ സയിദ് അട്ട ഹസ്സൈൻ മേൽനോട്ടം വഹിച്ച പരിപാടിയിൽ റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും സ്റ്റേറ്റ് റിലീഫ് കമ്മീഷണറുമായ ഡോ.എ.ജയതിലക് നേതൃത്വം നൽകി.

Related Posts