വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലായി 18 നും 55 നും മധേ്്യ പ്രായമുള്ള വനിതകള്‍ക്ക് വേണ്ടി സംരംഭകത്വ വികസന പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 30 പേരെ പരിശീലനത്തിനായി തെരഞ്ഞെടുക്കും. സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിലേക്കായി സംരംഭകത്വ പരിശീലനത്തിനു പുറമെ ധൈര്യപൂര്‍വ്വം ജീവിത സാഹചര്യങ്ങളെ നേരിടുന്നതിനും സ്വയം തീരുമാനമെടുക്കുന്നതിനും, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അവരെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളും ഇതോടൊപ്പം സംഘടിപ്പിക്കുന്നു. ആറ് ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുവര്‍ക്ക് 1000 രൂപ സ്റ്റൈപ്പന്റ് നല്‍കും. മിനിമം യോഗ്യത: പത്താം ക്ലാസ്സ് പഠനം. 35 വയസ്സിനു മേല്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍, സാമ്പത്തികമായി പിന്നോക്കവും നിലവില്‍ തൊഴില്‍ ഇല്ലാത്തവര്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്.

പരിശീലനത്തിലൂടെ തൊഴിലന്വേഷകരായ വനിതകള്‍ക്ക് സ്വന്തമായി യൂണിറ്റുകള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഭാവിയില്‍ സ്വയംപര്യാപ്തത നേടുന്നതിന് വേണ്ട സാഹചര്യം ഒരുക്കുന്നതിനുമാണ് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. പ്രസ്തുത പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ (പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, നിലവില്‍ ഏതെങ്കിലും തൊഴിലുണ്ടെങ്കില്‍ ആ വിവരം, വാര്‍ഷിക കുടുംബ വരുമാനം എന്നിവ രേഖപ്പെടുത്തിയിട്ടുള്ള) എറണാകുളം മേഖലാ ഓഫീസില്‍ മാര്‍ച്ച് 31ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യതയുടെയും റേഷന്‍ കാര്‍ഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ അയയ്‌ക്കേണ്ട മേല്‍വിലാസം - മേഖലാ മാനേജര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, മേഖലാ ഓഫീസ്, കടവന്ത്ര പിഒ, മാവേലി റോഡ്, എറണാകുളം-682020. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 04842984932, 9496015011, 9496015008, ഇ-മെയില്‍: roekm@kswdc.org

Related Posts