ഓർമ്മത്താൾ - 11
ഇമ ബാബു.
ഓർമ്മത്താൾ - 11
ഇമ ബാബു.
1980 കളിൽ ...
ഞങ്ങളുടെ ചായപ്പീടികയിൽ എല്ലാ വർഷവും ആറു മാസം കൂടുമ്പോൾ ഒരു അച്ഛനും മകനും വലിയ പെട്ടിയുമായി ആന്ധ്രയിൽ നിന്ന് വരുമായിരുന്നു.
എന്നും കാലത്ത് പെട്ടിയുമായി അവർ പീടികയിൽ നിന്നും ഇറങ്ങും. തിരിച്ചെത്തി രാത്രി കിടക്കുന്നത് ഞങ്ങളുടെ പീടികയിൽ തന്നെ ആണ്...
തെലുങ്കും, മലയാളവും കലർന്നാണ് അവർ സംസാരിച്ചിരുന്നത്. ആ പെട്ടിയിൽ എന്താണെന്നും, പെട്ടിയുമായി എന്ത് ജോലിയാണ് അവർ ചെയ്യുന്നത് എന്ന് അറിയണമെന്നുണ്ടെങ്കിലും ചോദിക്കാൻ പറ്റിയില്ല.
വൈകുന്നേരം കടയിൽ വന്നാൽ പെട്ടിയിൽ നിന്ന് പല സാധനങ്ങളും പുറത്തെടുത്തു വെക്കും, തുടച്ച് വൃത്തിയാക്കി വീണ്ടും പെട്ടിയിൽ തന്നെ വെക്കും.
ഒരു ദിവസം ചന്തയിൽ മൂന്നു കാലിൽ ഒരു ചെറിയ ബോക്സ് വെച്ച് തലയിലുടെ കറുത്ത തുണി ഇട്ട്, മുന്നിൽ ഒരു സ്റ്റൂളിൽ ആളെ ഇരുത്തുന്നു.
കുറച്ച് കഴിഞ്ഞ് പെട്ടിയിൽ കയ്യിട്ട് എന്തോ ചെയ്യുന്നു..
ഫോട്ടോഗ്രാഫി പഠിക്കാൻ തുടങ്ങിയപ്പോഴാണ് അന്ന് അവർ ഉപയോഗിച്ചിരുന്നത് ഫീൽഡ് ക്യാമറയാണെന്ന് തിരിച്ചറിഞ്ഞത്. കേരളത്തിന്റെ പല സ്ഥലങ്ങളിൽ കറങ്ങി വീടുകളിൽ ചെന്ന് ഫോട്ടോ എടുത്ത് കൊടുക്കലായിരുന്നു അവർ ചെയ്തു കൊണ്ടിരുന്നത്.
കേരളത്തിൽ എല്ലായിടത്തും കറങ്ങി ആറു മാസം കഴിയുമ്പോൾ അവർ തിരിച്ചു പോകും.
അപ്പോൾ ഇവിടെ വേനൽ അവസാനിച്ച്, മഴക്കാലം തുടങ്ങാറാകും.