ഓർമ്മത്താൾ - 7 , ചാന്ദ്നി ഗാനൻ - കവയിത്രി.
തെളിനീരുപോലെ ഒരാൾ !!!
ഓർമ്മത്താൾ - 7
തെളിനീരുപോലെ ഒരാൾ
കൊല്ലങ്ങൾക്കുമുൻപ് സർക്കാർ നടത്തിയിരുന്ന പഞ്ചായത്ത് മേളയാണ് രംഗം.
അക്ഷരശ്ലോകമത്സരവേദിയിൽ മധ്യവയസ്സെത്തിയ രണ്ടുപേർ കസേരയിട്ടിരിയ്ക്കാൻ തുടങ്ങിയിട്ട് അഞ്ചാറ് മിനിറ്റായി. ചുരുങ്ങിയത് മൂന്നുപേരെങ്കിലും ഉണ്ടെങ്കിലേ മത്സരം നടത്താനാകൂ. ഒരു ആവേശത്തിന്റെ പേരിൽ പേരുകൊടുത്തിരുന്ന പലരും നേരമായപ്പോൾ വലിഞ്ഞുകളഞ്ഞിരുന്നു.
അക്ഷമരായിരിയ്ക്കുന്ന ജഡ്ജിമാരുടെ മുന്നിലേയ്ക്ക്, നാലഞ്ചുചെറുപ്പക്കാരുകൂടി ഒരാളെ ഉന്തിത്തള്ളി കൊണ്ടുവന്നു. രജിസ്റ്ററിൽ പേരെഴുതിച്ചു.
കാവിമുണ്ടും പാതി നെഞ്ചു മറയ്ക്കുന്ന നീളൻ തോർത്തുമായി ഇത്തിരി സങ്കോചത്തോടെ നിൽക്കുന്ന മെലിഞ്ഞ രൂപം.... നാരായണേട്ടൻ.
‘ഇതൊന്നും എന്നെക്കൊണ്ടാവില്ല മക്കളേ’ യെന്ന് ഒന്നുംകൂടി പറയുമ്പോഴേയ്ക്കും എല്ലാവരും കൂടി അദ്ദേഹത്തെ സ്റ്റേജിലേയ്ക്കു എടുത്തുയർത്തിക്കഴിഞ്ഞു.
മത്സരം തുടങ്ങി. ഒന്നൊന്നായി ശ്ലോകങ്ങൾ ഒഴുകിവന്നു. ചിലനേരം ചെറുതായൊന്നുനിർത്തിയും ഓർത്തെടുത്തും മൂവരും ചൊല്ലിത്തകർത്തു.
പത്തുപതിനഞ്ചു റൌണ്ടുകൾ ആയപ്പോൾ ആദ്യമിരുന്നവരുടെ ആവനാഴിയിലെ ശ്ലോകാസ്ത്രങ്ങൾ ഒഴിഞ്ഞുതുടങ്ങി. എന്നാൽ നാരായണേട്ടൻ വീണ്ടും വീണ്ടും സരസ്വതീകടാക്ഷത്തിന്റെ പ്രകടഭാവം കൊണ്ട് കാണികളേയും വിധികർത്താക്കളെയും അമ്പരപ്പിച്ചു; ഒന്നാമതായി.
ഒന്നോ രണ്ടോ മാസം കൂടുമ്പോൾ, എന്റെ അച്ഛനോട് ഇത്തിരി കുശലം പറയാൻ വരാറുണ്ട് ഈ നാരായണേട്ടൻ.
കാര്യമായ സ്കൂൾ പഠിപ്പൊന്നുമില്ല എങ്കിലും സ്വപ്രയത്നംകൊണ്ട് വായിച്ചും മന:പാഠമാക്കിയും അറിവിന്റെ ആകാശത്തിൽ ഉയർന്നു പറന്നിരുന്നു അദ്ദേഹം.
ഉമ്മറത്തിണ്ണയിൽ, ഒരു കാലു മടക്കി തൂണും ചാരിയിരുന്ന്, ചെറുപുഞ്ചിരിയോടെ ചെറുതും വലുതുമായ പല കാര്യങ്ങളും പറയും.... നുറുങ്ങുകവിതകൾ ചൊല്ലും...
ആസ്വാദ്യകരമായ കാവ്യഭാഷയിൽ നുള്ള് ഹാസ്യം കലർത്തിയ അദ്ദേഹത്തിന്റെ സംസാരരീതി ഞങ്ങളുടെ നാട്ടിലെ പൊതുജനത്തിന് തീരെ പഥ്യമല്ലായിരുന്നു. അതുകൊണ്ടു തന്നെ, പേരിനു മുന്നിൽ ‘വട്ടൻ‘ എന്നൊരു വിശേഷണം കൂടി എല്ലാവരും ചാർത്തിക്കൊടുത്തിരുന്നു.
കുലത്തൊഴിലായ സ്വർണ്ണപ്പണി ഭംഗിയായി ചെയ്യാനറിയാം. എത്ര പണിയെടുത്താലും പക്ഷേ, കയ്യിൽ അഞ്ചു കാശുണ്ടാകാറില്ല. “മ്മക്കെന്തിനാ മാഷേ കാശ് ? വിശപ്പിന്റെ വിളി വരുമ്പോഴല്ലേ... അതിനുള്ള വഴി അപ്പോഴുണ്ടാകും” എന്ന് തികഞ്ഞ ലാഘവത്തോടെ പറഞ്ഞു ചിരിയ്ക്കുന്ന ഒട്ടിയ കവിളുകളും തിളങ്ങുന്ന കണ്ണുകളും ഇന്നും ഓർമ്മയിലുണ്ട്.
“കവിതയുള്ളിടത്ത് സങ്കടം ഉണ്ടാവില്ല” എന്നൊരു തത്ത്വം അദ്ദേഹത്തിൽ നിന്നാണ് ആദ്യമായി കേട്ടത്. അന്ന് അതിന്റെ അർത്ഥം മനസ്സിലായില്ലെങ്കിലും, അതു സത്യമാണെന്ന് എന്തുകൊണ്ടോ ഞാൻ ഉറച്ചുവിശ്വസിച്ചിരുന്നു.. ഇന്നുമതെ.
ജീവിതത്തിൽ, കണ്ണുനീർ കുതിർത്തു കളഞ്ഞ പല പേജുകളും ഉണക്കിയെടുത്തതും, അറ്റുപോയ സ്പന്ദനങ്ങൾ വിളക്കിയെടുത്തതും ആ വാചകത്തിൽ ഒളിച്ചു പാർത്തിരുന്ന ഊർജ്ജമായിരുന്നു എന്ന് ഇന്നോളം പിന്നിട്ട വഴികൾ എനിയ്ക്ക് കാണിച്ചുതന്നു.
പലരുടേയും ഒന്നൊന്നായി കൂട്ടിവച്ച സ്വപ്നങ്ങളെ, കാതിൽപ്പൂവും മിന്നുമാലയും കൈവളയുമായി ഊതിക്കാച്ചി മിനുക്കുമ്പോഴും, കിട്ടുന്ന കാശെല്ലാം ഓരോരോ ആവലാതിക്കാർക്ക് പകുത്തുകൊടുത്ത്, അടുത്ത നേരത്തേയ്ക്കെങ്കിലും ഒന്നുമൊരുക്കി വെയ്ക്കാതെ..... നാരായണേട്ടൻ.
തോളിലിട്ട ചോപ്പുകര തോർത്തൊന്നു കുടഞ്ഞ് വീശി “വരട്ടെ മാഷേ” എന്നൊരു കൂപ്പുകയ്യോടെ, ഉലയൂതി തെളിയിച്ചെടുത്ത അക്ഷരക്കൂട്ടുകളുടെ പൊൻവെളിച്ചവുമായ് നാട്ടുവഴിയിലേയ്ക്ക് പടവുകളിറങ്ങുന്നു.
ചാന്ദ്നി ഗാനൻ
കവയിത്രി.