അവസാന പേജിന്റെ വായന
ആതിഥ്യമര്യാദയുടെ ഉത്തുംഗത്തിലായിരുന്നു, അറുപതിനടുത്ത് പ്രായം തോന്നിക്കുന്ന, ഭാഷയുടെ കാന്തികവലയം കൊണ്ട് മാത്രം ജന്മ ബന്ധത്തിന്റെ ചൂട് എന്നിലേക്ക് പകർന്നുകൊണ്ടിരുന്ന അയാൾ. മാതൃഭാഷ എന്ന വൈകാരികത ഒളിച്ചു വെക്കലുകളില്ലാതെയാണ് അനുഭവമാകുക. അല്ലെങ്കിൽ പിന്നെ വെള്ളം എന്ന എന്റെ ഒറ്റവാക്കു കൊണ്ട് ഞാനെങ്ങനെയാണ് വർഗ്ഗീസേട്ടന്റെ നിറഞ്ഞ സ്നേഹത്തിന്റെ കുത്തൊഴുക്കിന് ഇങ്ങനെ പാത്രമാവുന്നത് ?
പുതിയ ജോലി സ്ഥലത്ത് ശമ്പളം തീരുമാനിക്കാനുള്ള പരീക്ഷയെന്ന കണക്കിനാണ് രാത്രി മൂന്നുമണി വരെ നിന്ന് എഞ്ചിൻ അസ്സംബ്ലിംഗ് ചെയ്തത്. നാലുമണി കഴിഞ്ഞു, റൂമിലെത്തുമ്പോൾ. കാലത്ത് പ്രാതലിന് നേരം കിട്ടിയില്ല. വർക്ക് ഷോപ്പിലെത്തി, രാത്രി തയ്യാറാക്കിയ എഞ്ചിൻ ഘടിപ്പിച്ച സുമോയുടെ ടെസ്റ്റ് റൈഡ് കഴിഞ്ഞ ശേഷം മാനേജരെ കണ്ടു. ചോദിച്ച ശമ്പളമുറപ്പാക്കി പുറത്തിറങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു: "ഇന്നിനി ജോലിക്ക് നില്ക്കണ്ട. റൂമിൽ പോയി വിശ്രമിക്കൂ”
അക്കാലത്ത്, കിട്ടുന്ന ജോലിയുടെ തരത്തിനേക്കാൾ ശമ്പളത്തിലായിരുന്നു വലിയ വലിയ പ്രതീക്ഷകൾ. അത് അംഗീകരിക്കപ്പെട്ടതിലെ സന്തോഷം ചെറുതായിരുന്നില്ല.
മാനേജരായ നിധീഷ് മോദിയോട് നന്ദി പറഞ്ഞ് റൂമിലേക്ക് നടന്നു.
ഒരു കിലോമീറ്ററോളമുണ്ട്. ഹൈവേ മുറിച്ചു കടന്നാൽ മരങ്ങളോ കാര്യമായി വീടോ കെട്ടിടങ്ങളോ ഇല്ലാത്ത, മഞ്ഞനിറത്തിൽ കട്ടപിടിച്ച പൊടി മണ്ണുള്ള വഴി. വെയിലിന് ഒരു ദാക്ഷിണ്യവുമില്ല. റൂം മേറ്റ് ഗൗരവ് സിംഗ് ഉണ്ടാക്കിയ ആലൂ സബ്ജിയും ചപ്പാത്തിയും കാത്തിരിക്കുന്നുണ്ടെന്നതിനാലാണ് നടത്തത്തിന് വേഗത കൂടിയത്.
ഒന്നാം നിലയിലേക്ക് പടികയറി വാതിലിനുമുൻപിൽ നിന്നപ്പോഴാണ് ആലൂ സബ്‌ജി തിന്നും മുൻപേ തന്നെ ഗ്യാസ് നിറയുമെന്ന് തീരുമാനമായത്.
താക്കോൽ വാങ്ങിയില്ലാ.... ഇനിയിപ്പോൾ ഉച്ചക്ക് താക്കോലുമായി ഗൗരവ് സിംഗ് വരണം. വരാന്തയിൽ ഉലാത്തുമ്പോൾ നിരാശ, വിശപ്പ്, തലയുടെ ഒരടി ഉയരത്തിലുള്ള ആസ്ബസ്റ്റോസിൽ നിന്നുമുള്ള ചൂട് മുതലായവ കൊണ്ട് തല വെന്തു.
പടിയിറങ്ങി ഇടതുവശത്തെ വഴിയിലൂടെ ഹൈവേയിലേക്ക് നടന്നു. ഒരു ദാബയുണ്ട്. കുറച്ചധികം നടക്കണം. താക്കോൽ വാങ്ങാൻ വർക്ക് ഷോപ്പിലേക്കും തിരിച്ചും നടക്കുന്നതിനേക്കാൾ ഭേദമതാണ്. തലേന്ന് ഇരുട്ടിയപ്പോഴാണ് അതു വഴി ഗൗരവ് സിംഗിനൊപ്പം നടന്നത്. പകൽ നാട് കണ്ട്, വയറിന്റെ വിളി കേട്ടുകൊണ്ടങ്ങനെ നടന്നു. ചുറ്റും കാണാൻ പറയത്തക്ക ഒന്നുമില്ല. ഹൈവേയിലൂടെ ഭാരവാഹനങ്ങൾ പോകുന്ന ശബ്ദം കേൾക്കാം. ഇടയ്ക്ക് വലിയ തൊഴുത്തും വൈക്കോൽ കൂനകളുമുണ്ട്. അതിനോട് ചേർന്നിട്ട കയറുകട്ടിലിൽ മുകളിലേക്ക് വളച്ച് പിരിച്ച മീശയും ആറടിയോളം ഉയരവുമുള്ള പ്രായമായ പുരുഷനോ കൈകൾ മുഴുവൻ പ്ലാസ്റ്റിക് വളയങ്ങളും നിറമുള്ള മൂക്കുത്തിയുമുള്ള, തലയടക്കം ശരീരം മുഴുവൻ വർണ്ണ പണികളുള്ള ഉടുപ്പു കൊണ്ടു മൂടിയ വൃദ്ധയോ കിടക്കുന്നുണ്ട്. പാൽ പാത്രങ്ങളുമായി സൈക്കിളുകളിൽ ചെറുപ്പക്കാർ വരുന്നു, പോകുന്നു. ഇങ്ങനെയുള്ള മൂന്ന് ഇടങ്ങൾ കഴിഞ്ഞാൽ പിന്നെ കുറേ ദൂരം ഒഴിഞ്ഞു കിടന്നു.
ഹൈവേ എത്താറായി. വലതുവശത്തെ ഇടവഴിയിൽ നിന്നും ഒരാൾ മുൻപിൽ കയറി നടന്നു. കുറേ ദൂരെയാണെങ്കിലും ചുമലിൽ ഒരു കുടമാണ് ഉളളതെന്ന് ഉറപ്പായി. പെട്ടെന്നാണ് ദാഹമെന്നത് തൊണ്ടയിൽ ഇത്ര നേരം അടങ്ങിക്കിടക്കുകയായിരുന്നല്ലോ എന്നോർത്തത്. വെയിലിൽ നടന്ന് ക്ഷീണിച്ചു. ദാഹം കൊണ്ട് മാത്രം ആഞ്ഞ് നടന്ന് തളർന്നു. ഒരു വിധം കുടം ചുമക്കുന്നയാളിന്റെ തൊട്ട് പിന്നിലെത്തി.
"വെള്ളം" എന്ന് തൊണ്ടയിൽ നിന്നൊരു വാക്ക് പുറത്തിറങ്ങിപ്പോയത് അറിഞ്ഞതേയില്ല. പിന്നെയുണ്ടായ കാര്യങ്ങൾ തെളിച്ചമില്ലാത്ത കാഴ്ചയിലായിരുന്നു. കണ്ണിൽ കയറിയ ഇരുട്ടും കാലിലെ തളർച്ചയും മുട്ടുമടങ്ങി വീഴാതെ തരമില്ലെന്നാക്കിയിരുന്നു.
മുഖത്ത് തണുത്ത വെള്ളം വീണു. ചാരിയിരുന്നു പോയ വിശറിപ്പനയുടെ കടയിലിരുന്നു തന്നെ മുകളിലേക്ക് നോക്കി. സൂര്യനെ മറച്ച് കൊണ്ട് ചിരിച്ച് തെളിഞ്ഞ ഒരു മുഖം.
"ദെന്തിനാപ്പോ ഈ ചൂട്ടത്തെറങ്ങി നടന്നേ.?"
വായോടു ചേർത്ത കൈകുമ്പിളിലേക്ക് കുടം ചെരിച്ചു വെള്ളം പകർന്നു.
പിന്നെ കൈ തന്ന് എഴുന്നേൽപ്പിച്ച് കൂടെ നടത്തി.
"ഈ ചൂട് പെട്ടെന്നങ്ങനെ ആർക്കും പിടിയ്ക്കില്ല. എത്ര നാളായി ഇവിടെ വന്നിട്ട്?"
" മൂന്നീസായി "
നരച്ചു പോയ പാന്റും വെള്ളയിൽ കറുത്ത ചെറിയ നക്ഷത്രങ്ങളുളള അഴുക്കു നിറഞ്ഞ് മങ്ങിയ ഷർട്ടുമായിരുന്നു, അയാളുടെ വേഷം. കുറിയതായി പിന്നോട്ട് വീണ നിഴലിൽ നിന്നും കണ്ണെടുക്കാതെ അതിൽ ചവുട്ടിയാണ് നടന്നത്. ഹൈവേയോടു ചേർന്ന് ഒരു ചെറിയ കൂര പോലൊന്നിനു മുന്നിൽ ഞങ്ങൾ നിന്നു. പനയോലയും പ്ലാസ്റ്റിക് ചാക്കും കൊണ്ടുണ്ടാക്കിയ, കഷ്ടിച്ച് ഒരാൾക്ക് നിൽക്കാവുന്ന, നീണ്ടു കിടക്കാവുന്ന വിധം ഒരു കൂര. അതിന്റെ അകത്തും പുറത്തുമായി അട്ടിയിട്ടിരിക്കുന്ന പല വലിപ്പത്തിലുള്ള ടയറുകൾ.
" സൗകര്യം കുറവാണ്. ഇവിടെയിരിക്കൂ "
അയാൾ കസേരയുടെ ഉയരത്തിൽ അടുക്കിയ ടയർ ചൂണ്ടി.
എയർ കംപ്രസ്സർ, പഞ്ചർ ഒട്ടിക്കാനുള്ള സാമഗ്രികൾ, ഒരു മണ്ണെണ്ണ തിരി സ്‌റ്റൌ, രണ്ടോമൂന്നോ പാത്രങ്ങൾ ഇത്രയും കൊണ്ട് ആ കൊട്ടാരം നിറഞ്ഞിരുന്നു.
"കഴിക്ക് "
മുന്നിലേക്ക് ഒരു പ്ലേറ്റ് വന്നു. രണ്ട് ചപ്പാത്തി, ഒരു സവോള കഷ്ണിച്ചത്.
" വെള്ളവും ഭക്ഷണവും കഴിക്കാതെ ഈ വെയിലിലേയ്ക്കിറങ്ങുന്നത് ആപത്താണ്. "
" ഞാൻ ....."
"ഒന്നും പറയണ്ട. മോനത് കഴിച്ചേ .. "
വിശപ്പു കൊണ്ട് കണ്ണു കാണാഞ്ഞിട്ടല്ല, മൂന്നു മണിക്കൂർ കാത്തിരിക്കാൻ ക്ഷമയില്ലാത്തതുകൊണ്ടു മാത്രമാണ് ദാബയിലേക്ക് നടന്നത്. എന്റെ തടസ്സങ്ങളെ ഗൗനിക്കാതെ അദ്ദേഹമെന്ന ഊട്ടുമോ എന്നു പോലും സംശയിച്ചു. നിർബ്ബന്ധിച്ചു കൊണ്ടുളള വർത്തമാനങ്ങളിലെ സ്നേഹ വാത്സല്യങ്ങളിൽ വീണുപോവുകയായിരുന്നു. സവാള കാരണമാവും കണ്ണു നിറഞ്ഞതെന്ന് വരുത്തി. ഹൃദയം കൊണ്ട് അനുഭവിക്കാൻ സാധിച്ച ജീവിതത്തിലെ ആദ്യ ആതിഥ്യം.
"ചേട്ടൻ നാട്ടിലെവിടെയാ?"
മറുപടി വൈകിയപ്പോൾ ആശങ്കകളുണ്ടായി. ചേട്ടനെന്ന് വിളിക്കാമോ? ചോദ്യം വേണമായിരുന്നോ?
"പുതുക്കാട്ന്ന് കേട്ടിട്ട്ണ്ടാ?"
"ആഹാ.. മ്മള് രണ്ടാളും തൃശ്ശൂക്കാരാ .."
ഉഷ്ണത്തിനു മേലെ പടർന്ന ഒരു ചെറു കാറ്റു പോലെയായിരുന്നു ആ അറിവ്. പക്ഷേ, അദ്ദേഹം തല കുമ്പിട്ട് നിർവ്വികാരനായി ഇരുന്നതേയുള്ളൂ.
ആ പുരയ്ക്കകത്ത് ഉഷ്ണം പെരുകി. പുറത്ത് മണ്ണിനു മേലെ വെയിൽ പൂത്ത് അപ്പുറത്തെ ഹൈവെ വാഹനങ്ങളെ ശിഥില ചിത്രങ്ങളാക്കി. ഞങ്ങളിരുന്ന ഇത്തിരിപ്പോന്ന സ്ഥലത്ത് മൗനം വല കെട്ടിത്തുടങ്ങിയപ്പോൾ എങ്ങനെയെങ്കിലും പുറത്തുകടക്കാനായിരുന്നു ആഗ്രഹം.
റൂമിലേക്ക് നടക്കുമ്പോൾ , മനം കുളിർപ്പിച്ച ഒരു വാക്കിൽ നിന്നു തുടങ്ങിയത് മനം മുറിച്ച മറ്റൊരു വാക്കുകൊണ്ട് നിന്നു പോയതിലെ സങ്കടമായിരുന്നു. തന്ന ഭക്ഷണത്തിന് നന്ദി പോലും പറയാത്തവൻ. കുറ്റവും നഷ്ടവും സ്വയം ഏറ്റു.
പിറ്റേന്ന് വർക്ക് ഷോപ്പിലെ ജോലികൾക്കിടയിലെല്ലാം ആ കുറ്റബോധം പിൻതുടർന്നു. അഞ്ച് മണിക്ക് വർക്ക് ഷോപ്പ് അടച്ചെങ്കിലും റൂമിൽ പോകുന്നത് ഗൗരവ് സിംഗിനൊപ്പമാകാമെന്ന് തീരുമാനിച്ചു. ക്ലറിക്കൽ ജോലികൾ കഴിഞ്ഞ് ഓഫീസ് അടയ്ക്കുമ്പോൾ ഏഴ് മണിയായി. ഞങ്ങൾ നടന്നു.
വെളിച്ചമുള്ളതും ഇല്ലാത്തതുമായ വഴികൾ.
"ക്യും ഇത് നാ ഉദാസ് ലഗ്‌താ ഹെ ദേവ്ദാസ് ഭായ് ?"
ഉളളത് പറഞ്ഞാൽ കളിയാക്കപ്പെടുമോ എന്ന് സംശയമുണ്ടായിരുന്നു. പൊതുവെ തള്ളിക്കളയാവുന്ന ഒരു കാര്യമാണ്. പക്ഷേ ആവുന്നില്ലല്ലോ..
മടിച്ചാണെങ്കിലും ഗൗരവിനോട് കാര്യങ്ങൾ പറഞ്ഞു.
" കഴിഞ്ഞ നാലു വർഷക്കാലമായി എനിക്ക് വർഗ്ഗീസ് ഭായിയെ അറിയാം. അദ്ദേഹവുമായി അടുത്താൽ അറിയുന്ന ഒരു കാര്യമുണ്ട്. നമ്മുടെ ജീവിത വ്യഥകളെ മുഴുവൻ അലിയിച്ചു കളയും വിധം വൈഭവമുള്ള വാക്കുകൾ നിറച്ചു വെച്ച ജീവനുളെളാരു ഭരണിയാണത്. അതിൽ നിനക്കുള്ള വാക്കുകൾ നിനക്കു മാത്രമുള്ളതായിരിക്കും, കാലമെത്ര വൈകിയാലും. "
ഗൗരവ് കൂടുതൽ സംസാരിച്ചില്ല.
അതോ കേൾക്കാതെ പോയതോ..? എവിടെയെല്ലാമോ തെറ്റിയിട്ടുണ്ട്. അപ്പോൾ തന്നെ അദ്ദേഹത്തെ കാണണമെന്നു തോന്നിയെങ്കിലും അസ്വസ്ഥതയോടെ ശരിയായ ഉറക്കമില്ലാതെ ആ രാത്രി കഴിച്ചു കൂട്ടുകയായിരുന്നു.
വൈകീട്ട് ജോലി കഴിഞ്ഞ് ഹൈവേയിലൂടെ നടന്നു. ഒന്നു കണ്ടാൽ മാത്രം മതി. ഇങ്ങോട്ട് ഒന്നും സംസാരിച്ചില്ലെങ്കിലും വിരോധമില്ല. അന്ന് ചോദിച്ചതിൽ വിരോധം തോന്നരുതെന്ന് അപേക്ഷിക്കണം. ക്ഷമ ചോദിക്കണം. തിരിച്ചു പോരണം . മന:സമാധാനത്തിന് അത്രയെങ്കിലും ചെയ്തേ തീരൂ.
റോഡരുകിൽ ഷെഡിനു മുൻപിലായി ഒരു ട്രക്ക് നിൽക്കുന്നുണ്ട്. ജോലിത്തിരക്കിലാണ് വർഗ്ഗീസേട്ടൻ .
"ആഹാ.. നീ വന്നാ? എനിയ്ക്കറിയാം വരുമെന്ന് "
മറുപടി പുറത്തേക്ക് വന്നില്ല.
"നീയവിടെ ഇരിയ്ക്ക്. ഞാനിപ്പോൾ വരാം. ആ കുടത്തിൽ നിന്നും വെള്ളമെടുത്ത് കുടിയ്ക്ക് "
പണികളിൽ നിന്ന് പിന്തിരിയാതെ തന്നെയാണ് പറഞ്ഞതെല്ലാം.
ട്രക്കിന്റെ ടയറിനു മുകളിൽ കയറി കുനിഞ്ഞ് നിന്ന് ലിവറുകൾ കൊണ്ട് റിമ്മിൽ നിന്ന് ടയർ തിക്കി ഉയർത്തുമ്പോൾ പ്രായം പണി തുടങ്ങിയ ആ ശരീരം ഒരു യന്ത്രമാവുകയാണ്. കൈപ്പിലാവിലെ മസിലുകളും വാരിയെല്ലുകളും തെളിഞ്ഞും ഒളിഞ്ഞും നിന്നു. പഞ്ചർ ഒട്ടിച്ച് ട്രക്കിൽ ടയർ ഉറപ്പിക്കുന്നതു വരെ നിഷ്പ്രയാസം ചടുലമായി ജോലികൾ തീർത്ത് അകത്ത് വന്നിരുന്നപ്പോൾ വർഗ്ഗീസേട്ടൻ വീണ്ടും പഴയ ആളായി. സ്നേഹവും അനുകമ്പയുമുള്ള വർത്തമാനക്കാരനായി.
പറയാൻ കരുതി വെച്ചിരുന്നതെല്ലാം അദ്ദേഹത്തിന്റെ പറച്ചിലുകളിൽ ആവിയായി പോയി. തിളച്ച ചായ ഒരു ഗ്ലാസിൽ പകുതി പകർന്ന് തന്നു. ചായ കുടിക്കാറില്ലെന്ന് പറഞ്ഞപ്പോൾ ബാക്കിയിരുന്നതും ചേർത്ത് ഒരു മുഴുവൻ ഗ്ലാസ് ചായ അദ്ദേഹം കുടിച്ചു.
" ഒന്നും അധികമില്ലെന്നതാവണം ജീവിതത്തിന്റെ അടിസ്ഥാന തത്വം "
അവിടെ ഒരാൾക്കേ എന്തും ഉള്ളൂ. മറ്റൊരാൾ വന്നാൽ അത് പകുത്തു നൽകും, അല്ലെങ്കിൽ മുഴുവനായി. വർത്തമാനങ്ങൾ തടസ്സമില്ലാതെ നടന്നുകൊണ്ടിരുന്നു. സമയം പോകുന്നത് അറിഞ്ഞതേയില്ല.
ഒരു ചോദ്യത്തോടെയാണ് അന്ന് ഞങ്ങൾ പിരിയാൻ തീരുമാനിച്ചത്.
"ആരുടെ ആർക്കുവേണ്ടിയുള്ള കാത്തിരിപ്പാണ് ഏറ്റവും മൂല്യമേറിയത് ?
" അരേ .. വർഗ്ഗീസ് ഭായ് .. എന്റെ കൂട്ടുകാരനെ ഉറങ്ങാൻ വിടുന്നില്ലേ..?" ഗൗരവ് ആണ്.
എല്ലാവരും കൂടി ഒരു ഉയർന്ന ചിരിയിലവസാനിപ്പിച്ച് യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി.
ഇരുട്ടിനെ മുറിച്ച് ഗൗരവിന്റെ പെൻ ടോർച്ച് മിന്നി.
അതെ .. ഇപ്പോൾ പാതയിൽ വെളിച്ചം തെളിയുന്നുണ്ട്.
പിന്നെ പിന്നെ ആ സംഗമങ്ങൾ ഒരു ശീലമായി.
വിഷയങ്ങൾ ഒന്നിനു പുറകേ മറ്റെന്നായി വന്നു കൊണ്ടിരുന്നു. ചിലപ്പോൾ പറഞ്ഞു പോയ അഭിപ്രായങ്ങളിലെ ഉത്തരവാദിത്വമില്ലായ്മയിലോ ഔചിത്യമില്ലായ്മയിലോ അദ്ദേഹം കോപാകുലനായി. ശേഷം ഒരു അധ്യാപകനെ പോലെ വിശദീകരണങ്ങൾ കൊണ്ട് സത്യങ്ങൾ കാണിച്ചു.
ഇത്രയൊക്കെയാണെങ്കിലും ഇതൊന്നു കൊണ്ടും വർഗ്ഗീസേട്ടൻ മുഴുവനാകുന്നില്ല എന്ന് ഉറപ്പുണ്ടായിരുന്നു. ചില അടരുകൾ പൊളിച്ചെടുക്കാനുണ്ട്. അതിനു പക്ഷേ ഒരു സാഹചര്യം ഒത്തു വരുന്നതുമില്ല.
ഹൈവേയിൽ ലോറിയിൽ നിന്ന് കെട്ടഴിഞ്ഞ് മരത്തടികൾ റോഡിലേക്ക് ഊർന്ന് വീണ് വലിയ അപകടങ്ങളുണ്ടായ ദിവസമാണ് അദ്ദേഹം തടി, കള്ളത്തടി, കൂപ്പ് ലേലം തുടങ്ങിയ കാര്യങ്ങൾ പറയുന്നത്. ലോറിയിൽ പോകുന്ന തടികളുടെ പിന്നാമ്പുറ കഥകളെയും അതിനു വേണ്ടി വന്ന മനുഷ്യന്റെ അധ്വാനത്തെയും പറ്റിയാണ് പറഞ്ഞതെങ്കിലും അതിൽ നാടിന്റേതായ ചേരുവകളുണ്ടായതിനാൽ കേൾക്കാൻ ഉത്സാഹമായി. പക്ഷേ, അതങ്ങനെ ഒറ്റ നാൾ കൊണ്ടല്ല, കുറേയേറെ വൈകുന്നേരങ്ങളെ സമൃദ്ധമാക്കിക്കൊണ്ടായിരുന്നു, മുന്നേറിയത്.
ആകാശമടച്ച മരങ്ങളും പൊന്തകളും ചോലകളും അസംഖ്യം പക്ഷിമൃഗാദികളും വിഷ പാമ്പുകളും അട്ടകളും ഒക്കെയുള്ള ഒരു കാടിനെ, വർഗ്ഗീസേട്ടൻ ആ റബ്ബർ ടയറുകൾക്കിടയിലിരുന്ന് പുനർ നിർമ്മിക്കുകയായിരുന്നു. ചിമ്മിനിക്കാടിന്റെ പഴയ രൂപത്തെ പറ്റി കൊടുങ്കാട് എന്നു തന്നെയാണ് പറഞ്ഞത്. ചെറുപ്പം മുതൽ യൗവനം തിളച്ച നിന്ന മുപ്പതുകൾ വരെ കണ്ടും കൊണ്ടും അനുഭവിച്ച കാടും അതിന്റെ ഒത്ത നടുവിൽ, പിടിച്ചാൽ പിടിയെത്താത്ത വണ്ണത്തിൽ ഉയർന്നു പന്തലിച്ച് നിന്ന ഒരു കാട്ടുമരം പോലെ, ഓർമ്മകളിൽ ഒരു കാറ്റിനുമേശാതെ നില്കുന്ന കുഞ്ചെറിയ എന്ന സ്വന്തം അപ്പനും ചേർന്ന് ഒരു ചരിത്രം ഉണ്ടാക്കി. അതിലെവിടെയൊക്കെയോ അല്ലെങ്കിൽ അതുവഴി എല്ലായിടത്തും വർഗ്ഗീസേട്ടൻ ഒരു കാട്ടുവള്ളിയായതും ചേർന്നതാണ് ചരിത്രം എന്ന സത്യം ആ വൈകുന്നേരങ്ങളിൽ വെളിപ്പെട്ടു വന്നു.
ചിമ്മിനി കാടിന്റെ അകങ്ങളിൽ പലയിടങ്ങളിൽ നിന്നുറവയെടുത്ത് ഒന്നായി പുറത്തേക്ക് ഒഴുകിയ കുറുമാലിപ്പുഴ, താഴേക്ക് പോകും തോറും മറ്റു തോടുകളുമായി ചേർന്നും പിരിഞ്ഞും പല പേരുകളായി പടിഞ്ഞാററ്റം തൊട്ടു കിടന്നു.
അക്കരക്കാരൻ കുഞ്ഞി ചെറിയാൻ എന്ന, ആരോഗ്യവാനും രൂപത്തിൽ കുറിയവനുമായ കുഞ്ചെറിയ ചെറുപ്പത്തിലേ പുതുക്കാട് നിന്നും കിഴക്കോട്ട് കയറി, കാട്ടിലേക്ക്. നൂറു കൊല്ലങ്ങൾക്കുമുൻപേ ഉള്ളതാണ് ഇത്തരം കയറ്റങ്ങൾ.
വീട്ടിലെ പട്ടിണികൊണ്ടും വെള്ളക്കാരന്റ ഭീഷണി കൊണ്ടും കാടു കയറിയവർ ഒരുപാടുണ്ട്. എങ്ങനെയായാലും ചെയ്യേണ്ടത് അടിമപ്പണി തന്നെ. വെളള കങ്കാണി നാട്ടു കങ്കാണി യോട് പറയും. ഇന്ന് ഏതൊക്കെ , എത്ര മരങ്ങൾ. നാട്ടു കങ്കാണി മയത്തിൽ പറഞ്ഞും പച്ച മലയാളത്തിൽ തെറി വിളിച്ചും പണിക്കാരുടെ വിയർപ്പിറ്റിച്ചു. നിന്ന മരം വീണു. തടിയായി കുറുമാലിപ്പുഴയിലൊഴുകി. അതിനു ശേഷവും പണിക്കാരും നോട്ടക്കാരുമുണ്ടായി. കാടിന്റെ പല ഭാഗത്തും, പടിഞ്ഞാട്ടൊഴുകുന്ന പുഴയുടെ പല ദിക്കിലും, ഒടുവിൽ കടലിൽ നങ്കൂരമിട്ട പായ്കപ്പലുകളിലെത്തും വരെ. വെള്ളക്കാർ നാടുവിട്ടിട്ടും കാടിന്റെ കരുത്ത് ചോർത്തുന്നതിൽ അധികാരികൾ മത്സരിച്ചു കൊണ്ടിരുന്നു.
വെള്ളക്കാരിറങ്ങിയ കാട്ടിലേക്കാണ് നാല്പതാം വയസ്സിൽ കുഞ്ചെറിയ കയറിയത്. അപ്പോൾ നാടിനൊപ്പം കാടും സ്വതന്ത്രമായിട്ടുണ്ടായിരുന്നു. കയ്യൂക്കും അധികാരവുമുളള പലരും വിദേശികൾക്ക് പകരക്കാരായി. മരം വെട്ടും ഒഴുക്കലും നിർബാധം തുടർന്നപ്പോൾ കച്ചവടത്തിന്റെ രീതികൾ മാറി, പുതിയ മുതലാളിമാരുണ്ടായി. കങ്കാണിമാരുടെ ശബ്ദമയർന്നു, കൈകൾ പൊങ്ങി. കൂലിത്തൊഴിലാളികൾ എല്ല് വെള്ളമാക്കിയിട്ടും വീട്ടുകാർക്കും കൂടപ്പിറപ്പുകൾക്കുമുള്ള അന്നം ഉറപ്പാക്കാൻ പാടുപെട്ട ആ കാലത്താണ് കുഞ്ചെറിയ എന്ന തൊഴിലാളി തന്റെ ജീവിത നിയോഗം തിരിച്ചറിയുന്നത്. പള്ളിക്കുന്ന് കരകയറ്റ മാതാവിന്റെ പള്ളിയിൽ നിന്നും കുർബാന പിരിഞ്ഞ കുറച്ചു പേരോടൊത്ത് ഉൾക്കാട്ടിലേക്ക് കയറി മറഞ്ഞിരുന്ന് പറഞ്ഞ ചില കാര്യങ്ങൾ കുറച്ച് ആശയക്കുഴപ്പങ്ങളും ആകുലതകളുമുണ്ടാക്കിയെങ്കിലും അവസാനം അവരിൽ എല്ലാവരിലും ഭാവിയെ ശുഭപ്രതീക്ഷയോടെ നോക്കാനുള്ള ആവേശമുണ്ടാക്കി. അധ്വാനത്തിനൊത്ത കൂലിയല്ല ലഭിക്കുന്നതെന്നും അത് ലഭിക്കണമെങ്കിൽ പ്രതികരിക്കണമെന്നും ആ കൂട്ടത്തെ ബോധ്യപ്പെടുത്താൻ അപ്പനു കഴിഞ്ഞു. പുതിയതായി പണിക്കെത്തിയ അപ്പന്റെ സുഹൃത്തുക്കളായ മൂന്നാലു പേർ ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുള്ളവരായിരുന്നു. അപ്പനൊപ്പം നിന്ന് അവർ ജോലി നിർത്തിവെയ്ക്കുന്നതടക്കം പല പരിപാടികളും നടപ്പിലാക്കി. അമ്പതുകളുടെ തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്നവരായിരുന്നു പുതിയ ജോലിക്കാരെന്ന രീതിയിൽ ആ കൂട്ടത്തിലെത്തിയത്. അപ്പൻ തൊഴിലാളികളുടെ നേതാവായി. പല തവണ അധികാരികളുടേയും മുതലാളിമാരുടേയും ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രതികാരങ്ങളുമുണ്ടായി. പലതവണ തിരിച്ചടികളും നടത്തി. ഈ കാലഘട്ടത്തിലാണ് കൗമാരപ്രായത്തിൽ വർഗ്ഗീസേട്ടൻ അപ്പനൊപ്പം പണിയ്ക് വരുന്നത്. വീട്ടിലേക്ക് പുതിയ വരുമാനമെന്നതിനേക്കാൾ അപ്പന്റേയും കൂട്ടരുടേയുമൊത്ത് രാത്രികളിലും പകലുകളിലുമുള്ള കൂടിയിരിപ്പുകളിലാണ് കൂടുതൽ താല്പര്യം തോന്നിയത്. ചില രാത്രികളിൽ ഒരു പാതിരിയുടെ നേതൃത്വത്തിൽ ക്ലാസ്സുണ്ടാവും. ലോക കാര്യങ്ങളും ക്രിസ്തുവിന്റെ ജീവിതവും പത്തു കല്പനകളും പറയുന്നതിനിടയിൽ അന്യന്റെ ദുഃഖം കാണാനും അവന്റെകണ്ണീരു തുടയ്ക്കാനും മനസ്സുണ്ടാവണമെന്ന് ഊന്നിപ്പറയും. മലയാളവും ഇംഗ്ലീഷുമാണ് പഠിപ്പിക്കുക. എങ്ങനെയെങ്കിലും മലയാളം എഴുതാനും വായിക്കാനുമായാൽ പിന്നാരേയും പാതിരി നിർബ്ബന്ധിക്കാറില്ല. വർഗ്ഗീസേട്ടൻ പക്ഷേ, കുറച്ചു വർഷങ്ങൾ പാതിരിയുടെ ആത്മാത്ഥ വിദ്യാർത്ഥിയായി തുടർന്നു. ഒപ്പം അപ്പന്റേയും കൂട്ടുകാരുടേയും ചർച്ചകളിലും പ്രവർത്തനങ്ങളിലും സജീവ പങ്കാളിയും. പത്തുവർഷത്തിനു മേലെ അങ്ങനെയൊക്കെ പോയി.
എന്നിരുന്നാലും, വർഗ്ഗീസേട്ടൻ ഒരു ഏകാകിയായിരുന്നു. ആലോചനകളും ആസൂത്രണങ്ങളുമായി ഒറ്റയ്ക്കായിരിക്കും മിക്കപ്പോഴും . തനിയെ ചെയ്യാവുന്ന ജോലികളിൽ കൂടുതൽ താല്പര്യം. മരം വെട്ടി തടിയാക്കി പുഴയിലൊഴുക്കിയാൽ അത് യഥാസ്ഥാനത്ത് എത്തിക്കാൻ പ്രത്യേകം നോട്ടക്കാരുണ്ട്. അവർ അവിടവിടെ പുഴയോരത്ത് താമസിക്കുന്നവരാകും. വർഗ്ഗീസേട്ടൻ ആ ജോലി കൂടെ ഏറ്റെടുക്കും.
ചിമ്മിനി പുഴ , കുറുമാലി പുഴ , മണലി പുഴ, കരുവന്നൂർ പുഴ എന്നിങ്ങനെ ചാലിട്ട് അദ്ദേഹവും ചിന്തകളും താഴോട്ട് ഒഴുകി. കരകളിലെ ജീവിതങ്ങളും അവരുടെ പ്രശ്നങ്ങളും അറിഞ്ഞ് ഇടപെടാൻ തുടങ്ങി. അങ്ങനെയങ്ങനെ ജീവിതം മറ്റൊരു വഴിയ്ക്ക് ഒഴുകാൻ തുടങ്ങി.
അപ്പനത് അറിയാതിരുന്നില്ല. കാടും തടിയും വിട്ട്, ഒല്ലൂർ ഓട്ടുകമ്പനിയിൽ ജോലി തുടങ്ങിയ കാലത്ത് കല്ല്യാണം കഴിക്കാൻ അപ്പനും അമ്മയും നിർബ്ബന്ധിച്ചു കൊണ്ടിരുന്നു. ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒൻപതിലായിരുന്നു അത്. "എക്കാലത്തും നാട്ടിൽ ഉള്ളവനും ഇല്ലാത്തവനുമുണ്ട്. വറുതിക്കാലം എങ്ങനെയും കടന്നുപോകും. സമയം വളരെ മോശമാണ്. അറിഞ്ഞ് പ്രവർത്തിച്ചില്ലെങ്കിൽ പോലീസുകാർ കൊന്നു കളഞ്ഞ് കള്ളക്കേസെഴുതും. അവനെ കുറച്ചൊന്ന് അടക്കിയിരുത്താൻ ഇതേ വഴിയുള്ളൂ " അമ്മയെയാണ് ഉപദേശിക്കാനായി അപ്പൻ ചട്ടംകെട്ടിയത്.
അമ്മയുടെ ഉപദേശം പലപ്പോഴും പുത്രസ്നേഹം കൊണ്ടുള്ള കരച്ചിലും പിഴിച്ചിലുമായിരുന്നു. മകന്റെ പ്രവർത്തനങ്ങൾ തീവ്ര ചിന്തകളുള്ള ഇടതു പ്രസ്ഥാനങ്ങളിലേക്കുള്ള വഴിയാണെന്ന് തിരിച്ചറിഞ്ഞ്, അക്കാലത്തെ ഏതൊരു പിതാവിനേയും പോലെ ഒരു കമ്മ്യൂണിസ്റ്റായിട്ടു കൂടി കുഞ്ചെറിയും സങ്കടപ്പെട്ടിരുന്നു.
താഴെ തോട്ടത്തിൽ ലോനയുടെ മകൾ ബേബിയുമായുളള വർഗ്ഗീസേട്ടന്റെ ദാമ്പത്യ ജീവിതം കാര്യമായ അലട്ടുകളില്ലാതെയാണ് പോയിക്കൊണ്ടിരുന്നത്. പൊതുവെ, കുഞ്ചെറിയുടെ കുടുംബത്തിൽ കുറേ കാലത്തിനു ശേഷം സന്തോഷത്തിന്റെ ദിവസങ്ങളുണ്ടായി. രാത്രി വൈകും മുൻപേ ജോലി കഴിഞ്ഞെത്തുന്ന ഭർത്താവിനു വേണ്ടി ബേബിയും പിന്നെ പിന്നെ കുട്ടികളും ഉണ്ണാതെ കാത്തിരുന്നു. ഒരുമിച്ച് ഉണ്ടുറങ്ങിയ കുറച്ചു വർഷങ്ങൾ.
ആ നശിച്ച അടിയന്തിരാവസ്ഥ കാലമാണ് കാര്യങ്ങൾ ആകമാനം മാറ്റിമറിച്ചത്. വർഗ്ഗീസേട്ടന്റെ പാർട്ടിക്കാർക്ക് വേണ്ടി പോലീസ് തെരച്ചിൽ തുടങ്ങി. കൈയിൽ കിട്ടിയവരെ ഭീകരമായി മർദ്ദിച്ചു. കമ്പനി പിരിഞ്ഞ് പാത്തും പതുങ്ങിയും വളഞ്ഞ വഴികളിലൂടെ വീട്ടിലേക്ക് പോകുമ്പോഴാണ് പിടിവീണത്.
" പെടയ്ക്കരുത്. കേറ്റിക്കളയും .
നിന്റെ പേരെന്താടാ..?"
" വർഗ്ഗീസ് "
" അപ്പൻ?"
"അക്കരക്കാരൻ കുഞ്ചെറിയ "
പോലിസുകാരൻ കുറച്ചു നേരത്തേക്ക് മിണ്ടിയില്ല. ചുറ്റിപ്പിടിച്ച കൈകൾ അയഞ്ഞു. അപ്പനെയും കുടുംബത്തേയും നന്നായി അറിയുന്ന അന്തോണിപ്പോലീസാണ്.
"നിന്റെ പേര് ഞാൻ വെട്ടിക്കോളാം. കുറേ കാലമായി നാട്ടിലില്ല എന്നാക്കാം. ഇപ്പത്തന്നെ നാടുവിട്ട് പൊയ്ക്കൊള്ളണം. പിടി കൊടുക്കരുത്. "
" ബേബീനേം പിള്ളാരേം ഒന്നു കണ്ടിട്ട് .."
"നിന്റെ ഇഷ്ടം. നോക്കീം കണ്ടും പറഞ്ഞപോലെ ചെയ്താൽ കുറച്ചുനാൾ കഴിഞ്ഞ് തിരിച്ച് വന്ന് നന്നായി ജീവിക്കാം. കുഞ്ചെറിയാച്ചന് വേണ്ടി ഇത്രേം ചെയ്തില്ലെങ്കിൽ കർത്താവ് എന്നോട് ചോദിക്കും "
ചവിട്ടടിയിൽ മണ്ണനങ്ങാതെ നടന്ന് ചെന്ന് വീടിന്റെ വാതിൽ തളളി. ആ നിമിഷം അകത്ത് കടന്ന നിലാവിൽ നിലത്ത് പായയിൽ കിടന്ന നാലുപേരെ കണ്ടു. മൂത്ത രണ്ടു പെൺകുട്ടികൾ, രണ്ടു വയസ്സുകാരൻ മകൻ. ബേബി ഒരനക്കം കേൾക്കാൻ കാത്തിട്ടാവും ഉറങ്ങുന്നത്. വേണ്ട ഉണർത്തണ്ട. കണ്ണ് നിറയുവോളം കണ്ട് പിൻ തിരിഞ്ഞു.
വർഗ്ഗീസേട്ടന്റെ പലായനം ഇവിടെ തുടങ്ങുകയാണ്.
കണ്ടയിടത്ത് കിടന്ന്, ട്രക്കുകളിൽ എവിടേയ്ക്കൊക്കെയോ യാത്ര ചെയ്ത്, എവിയെല്ലാമോ എന്തൊക്കെയോ ജോലികൾ ചെയ്ത് ദേശങ്ങൾ മാറി മാറി, ഒരു നിശ്ചയവുമില്ലാത്ത ജീവിതം. ഏത് നാട്ടിലായാലും വർത്തമാനപത്രത്തിനു വേണ്ടിയായിരുന്നു ആദ്യ തിരച്ചിൽ. കേരളം അടിയന്തിരാവസ്ഥ, പോലീസ് കസ്റ്റഡി, തിരച്ചിൽ ഇവയൊന്നും വാർത്തയിലില്ലാത്ത ഒരു ദിവസം അയാൾ പ്രതീക്ഷിച്ചിരുന്നു.
ഒരു ഗോവൻ പ്രഭാതം. ക്രിസ്ത്യൻ പളളിയിലെ പുരോഹിതൻ അശരണർക്ക് ഭക്ഷണം നല്കുകയാണ്. പള്ളിയങ്കണത്തിലേക്കുളള ഏറ്റവും മുകളിലെ പടവിൽ ചേർത്തുപിടിച്ച ഇരു കൈകൾ ഏറെയുണ്ട് അദ്ദേഹത്തിന്റെ മുൻപിൽ. സമാധാനപൂർവ്വം ഓരോരുത്തരും ചൂടുള്ള ഉപ്പുമാവ് ഇലയോടെ വാങ്ങി നീങ്ങിക്കൊണ്ടിരുന്നു. അവസാനമായി കൈകൾ നീട്ടിപ്പിടിച്ച് വർഗ്ഗീസേട്ടനും നിന്നു. പക്ഷേ, ആ കൈകളിലേക്ക് ഭക്ഷണം പകർത്തപ്പെട്ടില്ല. അയാൾ മുഖമുയർത്തി നോക്കി. മുഖത്തേക്ക് വീണ പുരോഹിതന്റെ നരച്ചു നീണ്ട ചുരുൾ മുടികൾക്കിടയിലൂടെ രണ്ടു കണ്ണുകൾ തന്നെ സൂക്ഷ്മം നോക്കുന്നതായി അനുഭവപ്പെട്ടു. ഒപ്പം കരുണാർദ്രമായ വിളിയും
" വർഗ്ഗീസേ ..."
തന്റെ ഉള്ളിലേക്ക് പര സ്നേഹ മന്ത്രം ആദ്യമായി പകർത്തപ്പെട്ട ശബ്ദം. ചിമ്മിനിക്കാട്ടിലെ പാതിരി.
അയാൾ ആ പടവിൽ മുട്ടുകുത്തി. തോളിൽ കൈയിട്ട് അദ്ദേഹം അയാളെ ചേർത്തു നിർത്തി.
വൈകീട്ട് അവിടെ നിന്നും ഇറങ്ങുന്നത്, കൂടെ തങ്ങാമെന്ന പാതിരിയുടെ നിർദ്ദേശത്തെ അവഗണിച്ചു കൊണ്ടാണ്. പാതിരിയിൽ നിന്നറിഞ്ഞ നാട്ടിലെ കാര്യങ്ങളത്രയും തന്നിലെ വീറും ആവേശവും ഇരട്ടിപ്പിക്കുന്നതായി തോന്നി. പക്ഷേ ഒരു പ്രതികാര ബുദ്ധിയോടെ ഇപ്പോഴങ്ങോട്ട് പോകേണ്ടെന്ന ഉപദേശം അയാൾ മനസ്സാ സ്വീകരിച്ചു. പോലീസ് നടത്തുന്ന നരനായാട്ടുകൾക്ക് കുറവായാട്ടില്ലത്രേ.
പിന്നീടുള്ള ദിവസങ്ങളിൽ സ്വസ്ഥതയോടെ തനിക്കിരിക്കാൻ ഒരു മരത്തിന്റെ തണൽ കാണാനില്ലല്ലോ എന്ന് അയാൾ വേവലാതിപ്പെട്ടു. തണൽ തന്ന ഒരു വന്മരം വെട്ടി വീഴ്ത്തപ്പെടുന്നത് രാത്രി സ്വപ്നങ്ങളിൽ പതിവു ഭീതിയായി.
ഓരോന്നോർത്തിരുന്നാൽ
താനിത്രയും ഭീരുവായതെങ്ങനെയെന്ന് അയാൾക്ക് പുച്ഛം തോന്നും. ഒളിച്ചോടി എവിടേക്കാണ് ഈ പോകുന്നത് ?
ബേബിയേയും മക്കളേം കാണാതെ ഒരു നിവൃത്തിയുമില്ലാതായി. രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമായി. അടിയന്തിരാവസ്ഥ പിൻവലിച്ചു.
ഇരുട്ടിന്റെ മറവിൽ തന്നെ പഴയ സഹപ്രവർത്തകരിൽ ചിലരെ ചെന്ന് കണ്ടു.
" നീ പോകണ്ടാർന്നു. അന്നത് അന്തോണി പോലീസ് നിന്റപ്പന് വെച്ച കെണിയായിരുന്നു. മൂന്നു ദിവസത്തെ ഭേദ്യത്തിനുശേഷം വീട്ടുമുറ്റത്ത് ജീപ്പിൽ കൊണ്ടിറക്കി വിട്ടിട്ട് അവർ പോയി. രണ്ടാം നാൾ തികച്ചില്ല. "
ട്രാക്ടറിന്റെ ടയറിനു മുകളിൽ കത്തിച്ചു വെച്ച മെഴുകുതിരി അണഞ്ഞിട്ട് നേരമേറെയായി. പഴുതില്ലാതെ ഇരുട്ട് . പറയാനാവാത്ത വാക്കുകൾ കൊണ്ട് കനപ്പെട്ട രണ്ട് മനുഷ്യർ.
അന്ന് ഗൗരവ് സിംഗ് വന്നു. കുറച്ചുനേരം മൗനിയായി ഇരുന്ന അയാൾ ഒരു പാട്ട് പാടി. കയറ്റി വെച്ച കാലിലടിച്ച് താളമിട്ടു. പാടിയ വരികളുടെ അർത്ഥമറിയില്ല. ഭാഷ തന്നെ അറിയില്ല. പക്ഷേ.. വിഷാദാർദ്രമായ ആ പാട്ടെങ്കിലുമില്ലായിരുന്നെങ്കിൽ ഇരുട്ടു പോലെ സങ്കടം വിങ്ങി ഹൃദയം നിലച്ചു പോയേനെ. ഗൗരവ് ആ രാത്രി ഞങ്ങളെ മഴയത്തു നിർത്തി. തണുപ്പിച്ചു.
വർഷങ്ങളായി, എവിടേയും പോകാനില്ലാതെ, കാണാൻ വരാൻ ആരുമില്ലാതെയുള്ള ജീവിതം മന:പൂർവ്വം തെരെഞ്ഞെടുത്തതെന്തിനെന്ന് എപ്പോഴുമുളള സംശയമായിരുന്നെങ്കിലും, രണ്ടു കാരണങ്ങൾ കൊണ്ട് ധൃതിപ്പെട്ട് ചോദിച്ചില്ല. ഒറ്റ ഉത്തരം കൊണ്ട് ചിലപ്പോൾ കല്ലും പിളർന്നേക്കാം. അല്ലെങ്കിൽ ...
മായമില്ലാത്ത ജീവിതം മാത്രം പറഞ്ഞ ഒരു കഥാകാരന് അതിന്റെ പരിസമാപ്തി വായനക്കാരനോട് പറയാതിരിക്കാനാവുമോ?
വർഗ്ഗീസേട്ടനത് പറയുക തന്നെ ചെയ്യും.
മഹാനവമിക്കു മുൻപ് ഒരുപാട് വണ്ടികൾ പണി തീർത്ത് കൊടുക്കാനുണ്ട്. ഇനി ഒരാഴ്ച രാത്രി വൈകിയും ജോലി ചെയ്യേണ്ടിവരും. വർഗ്ഗീസേട്ടനുമായി വർത്തമാനം പറഞ്ഞിരിക്കാനുളള സമയം കിട്ടാതായി. ഇടയ്ക്കൊന്നു പോയാൽ തന്നെ കൂടുതലൊന്നും പറയാനാവാതെ തിരിച്ചു പോന്നു.
ജോലി കഴിഞ്ഞ് വരുമ്പോൾ ആഴ്ചയിലൊരിക്കൽ യു.പി ഭയ്യയുടെ അനാദിക്കടയ്ക്കു മുൻപിലെ ചുവന്ന ഫോണിൽ നിന്നാണ് കോയിൻ ഇട്ട് വീട്ടുകാരെ വിളിക്കുക. അന്ന് വെറുതെ വിശേഷങ്ങളറിയാൻ വിളിച്ചതാണ്. അടുത്ത വീട്ടിലാണ് ഫോൺ ഉള്ളത്. അമ്മയോട് വരാൻ പറഞ്ഞ് കട്ട് ചെയ്ത് പിന്നെയും വിളിക്കണം.
അമ്മ സങ്കടത്തോടെയും പരിഭ്രാന്തിയോടെയുമാണ് കാര്യങ്ങൾ പറഞ്ഞത്. വീട്ടിൽ ചില പ്രശ്നങ്ങൾ . ആരോഗ്യം ജോലി സാമ്പത്തികം എല്ലാ കാര്യങ്ങളും താളം തെറ്റിപ്പോയിരിക്കുകയാണ്. അത്രയും പറയുമ്പോഴേ ഊഹിക്കാവുന്നതേയുള്ളൂ അവസ്ഥകൾ.
"നീയെത്രയും പെട്ടെന്ന് വാ.." അമ്മ പിന്നീട് പറയാനാവാതെ ഫോൺ വെച്ചു. അതി ഗൗരവമാണ് കാര്യങ്ങൾ. പോയേ മതിയാകൂ..
ജോലിക്ക് ചേർന്നിട്ടേയുള്ളു. ലീവ് ചോദിക്കുന്നതെങ്ങിനെ ? അതും ഈ തിരക്കുള്ള സമയത്ത് . വീട്ടിലെന്തൊക്കെയാകും യാഥാർത്ഥ പ്രശ്നങ്ങൾ ?
ആകെക്കൂടെ മനസ്സ് കലങ്ങി.
വർഗ്ഗീസേട്ടനെ കണ്ട് കാര്യങ്ങൾ പറയാമെന്ന് കരുതി. ചെറിയ മെഴുകുതിരി വെട്ടത്തിൽ ആ മുഖം തെളിഞ്ഞു കണ്ടു. ആദ്യമായി ഒരു പരിക്ഷീണിതന്റെ, ദുരിതക്കിണറിൽ വീണു പോയന്റെ മുഖം കാണുകയായിരുന്നു.
ഔപചാരികതകളില്ലാതെ അദ്ദേഹം തന്നെ വർത്തമാനം തുടങ്ങി വെച്ചു. പക്ഷേ കേൾക്കാൻ തരത്തിൽ മനസ്സ് സ്വസ്ഥമായിരുന്നില്ല. ഉള്ളിലുള്ള തൊന്ന് പറയാനുള്ള വെമ്പലായിരുന്നു. വർഗ്ഗീസേട്ടൻ ഗൗരവത്തിൽ പറഞ്ഞതെല്ലാം ഒഴുക്കു വെളളം പോലെ തോന്നി.
പോകാണ് വർഗ്ഗീസേട്ടാ.." എന്ന് മാത്രം പറഞ്ഞ് ' തിരിച്ചു നടന്നു.
പറഞ്ഞ് പറഞ്ഞ് ഒരു വിധത്തിൽ ലീവ് വാങ്ങിച്ചു. വൈകീട്ട് നേരത്തേയിറങ്ങി. വർഗ്ഗീസേട്ടനെ കാണണം. തലേന്നത്തെ കാട്ടിക്കൂട്ടലിനുള്ള വഴക്ക് ചോദിച്ച് വാങ്ങണം.
നടക്കുന്നതിനിടയിൽ ഒരു പ്ലാസ്റ്റിക് ചാക്ക് കാറ്റിൽ പറന്നും നിലം തൊട്ട് ചുരുണ്ടോടിയും മുന്നിലൂടെ കടന്നുപോയി. ടയറു കൂട്ടങ്ങൾക്കിടയിലുള്ള ചാക്കു കൂടാരത്തിന്റെ മുകൾ മേഞ്ഞ ഒന്നായിരുന്നു അത് .
" വർഗ്ഗീസേട്ടോ.. "
കെട്ടഴിഞ്ഞ ഒരു പനയോല കാറ്റിൽ ഒച്ചയുണ്ടാക്കി. ഒരു ജോഡി വർക്കിംഗ് ഡ്രെസ്സ് കയറിൽ തൂങ്ങിക്കിടന്നു.
വർഗ്ഗീസേട്ടനിതെവിടെ പോയി. ? ആരോട് ചോദിക്കാനാണ്. ? പൊടുന്നനെ ഒറ്റപ്പെട്ടു പോയ പോലെ തോന്നി. പതിവു ഇരിപ്പിടത്തിൽ ഇരുന്നു. ഇന്നലെ വർഗ്ഗീസേട്ടൻ എന്തോ പറഞ്ഞിരുന്നല്ലോ. അതോ പറഞ്ഞോ ? പലപ്പോഴായി പറയാൻ ബാക്കി വെച്ചത് ? അതോ മറ്റെന്തെങ്കിലും?
സ്വയം പഴിയ്ക്കാതിരിക്കാനായില്ല. എന്തൊരവസ്ഥയാണിത്. ഒരു മനുഷ്യനോട് ഇതിൽ പരം നന്ദികേടെന്തുണ്ട് കാണിക്കാൻ. കുറ്റബോധത്തിലാഴ്ന്ന് തല കുമ്പിട്ട് യാത്ര തുടർന്നു.
ട്രെയിന്റെ ജനറൽ കമ്പാർട്ട്മെന്റിലെ തിരക്കിനിടയിൽ രണ്ടു കാൽ വയ്ക്കാൻ ഇടം സ്വന്തമാക്കിയപ്പോൾ ആൾക്കൂട്ടത്തിനിടയിലേക്ക് കാണാവുന്നിടത്തോളം ഏന്തിവലിഞ്ഞ് നോക്കി. ഇനിയിപ്പോൾ നാട്ടിലേയ്ക്കുള്ള ഈ ട്രെയിനിൽ തന്നെ വർഗ്ഗീസേട്ടനുണ്ടാവുമോ?
അദേഹവുമായുള്ള അടുപ്പത്തിന്റെ തുടക്ക നാളുകളൊന്നിൽ സംസാരത്തിനിടെ, ഇതുവരെയും ഉത്തരം തേടാൻ മെനക്കെടാത്ത ഒരു ചോദ്യമുണ്ടായിരുന്നു . ചില്ലു കൊണ്ട് വരഞ്ഞ പോലെ അത് മനസ്സിൽ തെളിഞ്ഞു.
"ആരുടെ ആർക്കുവേണ്ടിയുള്ള കാത്തിരിപ്പാണ് ഏറ്റവും മൂല്യമേറിയത് ? "
രാത്രി ഉലഞ്ഞോടുന്ന കമ്പാർട്ട്മെന്റിന്റെ നിലത്തിരുന്ന് ചില കാര്യങ്ങൾ ആലോചിച്ചുറപ്പിച്ചു. ഒരു കഥാ പുസ്തകത്തിന്റെ അവസാന നാല് പേജ് വായിക്കാതെ അതിലെന്തായിരിക്കുമെന്ന് ഊഹിച്ചെടുക്കും പോലെ ചില കാര്യങ്ങൾ
പാതിരി പറഞ്ഞ വിഷയങ്ങൾ മനസ്സിലിട്ട് വർഗ്ഗീസേട്ടൻ നാട്ടിലെത്തി. കൂടുതൽ കാര്യങ്ങൾ കൂട്ടുകാരിൽ നിന്നറിഞ്ഞു. നടന്ന ചതിയിലും അപ്പന്റെ മരണത്തിലുമുള്ള ദുഃഖത്തിൽ അവരും പങ്കു ചേർന്നു. രാത്രി വൈകി വീട്ടിലേക്ക് പോയി.
ചുമച്ചു കൊണ്ട് ബേബിയെ വിളിച്ചു. രണ്ടാമത്തെ വിളിയിൽ ചെറ്റ വാതിലിളകി, തുറന്നു.
ഉള്ളിൽ ഇരുട്ട് . പുറത്തും.
"ബേബീ .."
നിശ്ശബ്ദത . നിശ്ശബ്ദത .
"പട്ടിണീം പരിവട്ടോമാർന്ന് .."
പിന്നെയും നീണ്ട നിശ്ശബ്ദത .
മൂത്ത കൂട്ടി കത്തിച്ചു കൊണ്ടുവന്ന വിളക്ക് ബേബി ഊതികെടുത്തി.
" നിങ്ങളിനി വരണ്ട "
ആ വാക്കുകൾ ഉടഞ്ഞ് നീരൊഴുകുന്നത് വർഗ്ഗീസേട്ടനറിഞ്ഞു. പിന്നെ കയറാത്ത പടിയിറങ്ങി
അലഞ്ഞലഞ്ഞ് വർഷങ്ങൾ നീണ്ട ഒറ്റ ജീവിതം. അവിചാരിതമായി തന്റെ ജീവിതം മറ്റൊരാളോട് പറഞ്ഞപ്പോൾ കഴിഞ്ഞതെല്ലാം മഞ്ഞു പോലെ ഉരുകിപ്പോയി. ഒരാവേശത്തിൽ പഴയ കൂട്ടുകാരനെ ഫോണിൽ വിളിക്കുന്നു. സന്തോഷം പങ്കിടുന്നു. മടിച്ച് മടിച്ച് ബേബിയെ വിളിക്കാനുള്ള നമ്പർ വാങ്ങുന്നു.
"ബേബീ... ഇത് ഞാനാണ്.."
പൊടുന്നനെ ഒരു പെരുമഴ
" ഒന്നിങ്ങു വര്വോ... മരിയ്ക്കും മുൻപ് ...."
മരപ്പെയ്ത്തിൽ അയാൾ നനഞ്ഞു നിന്നു.