ഓസ്കർ: കോഡ മികച്ച ചിത്രം, ജെയ്ൻ കാംപിയോൺ സംവിധായിക; നടൻ വിൽ സ്മിത്ത്, നടി ജെസിക്ക ചാസ്റ്റെയ്ൻ
ഇംഗ്ലിഷ് ചിത്രം കോഡ മികച്ച ചിത്രത്തിനുള്ള ഇത്തവണത്തെ ഓസ്കർ അവാർഡ് സ്വന്തമാക്കി. ലാ ഫാമിലി ബെലിയർ എന്ന ഫ്രഞ്ച് ചിത്രത്തിൻ്റെ റീമേക്കാണ് സിയാൻ ഹെഡർ സംവിധാനം ചെയ്ത കോഡ. ചൈൽഡ് ഓഫ് ഡെഫ് അഡൾട്സ് അഥവാ ബധിര ദമ്പതികളുടെ കുട്ടി എന്നാണ് കോഡ എന്ന വാക്കിൻ്റെ അർത്ഥം. എമിലിയ ജോൺസ് ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അമേരിക്കൻ സൈൻ ലാംഗ്വേജും ഇംഗ്ലിഷുമാണ് കോഡയിലെ ഭാഷ. കോഡയിലെ അഭിനയത്തിന് ട്രോയ് കോട്സർക്ക് മികച്ച സഹനടനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. മികച്ച അവലംബിത തിരക്കഥയ്ക്കുളള അവാർഡും ഈ ഇംഗ്ലിഷ് ചിത്രം സ്വന്തമാക്കി.
വിൽ സ്മിത്താണ് മികച്ച നടൻ. കിങ്ങ് റിച്ചാർഡ് എന്ന ചിത്രത്തിലെ ഗംഭീര പ്രകടനമാണ് വിൽ സ്മിത്തിനെ ആദ്യ ഓസ്കർ പുരസ്കാരം എന്ന ചരിത്ര നേട്ടത്തിൽ എത്തിച്ചത്. സ്മിത്തിനെ വേദിയിലേക്ക് ക്ഷണിക്കുന്നതിനിടെ അദ്ദേഹത്തിൻ്റെ ഭാര്യ ജേഡ സ്മിത്തിനെപ്പറ്റി അവഹേളിക്കുന്ന മട്ടിൽ സംസാരിച്ചതിന് അവതാരകനായ ക്രിസ് റോക്കിൻ്റെ മുഖത്തടിച്ചും വിൽ സ്മിത്ത് ഇന്ന് ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി.
ദി ഐയ്സ് ഓഫ് ടാമി ഫേ എന്ന ചിത്രത്തിലെ അതിശയിപ്പിക്കുന്ന അഭിനയ മികവിന് ജെസിക്ക ചാസ്റ്റെയ്ൻ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. സീറോ ഡാർക്ക് തേർട്ടി, മോളീസ് ഗെയിം, അവ, വുമൺ വോക്സ് എഹെഡ് ഇൻ്റർസ്റ്റെല്ലാർ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള നടിയാണ് ജെസിക്ക ചാസ്റ്റെയ്ൻ.
ജെയ്ൻ കാംപിയോണിനാണ് ഇത്തവണത്തെ മികച്ച സംവിധാനത്തിനുള്ള അവാർഡ്. ദി പവർ ഓഫ് ദി ഡോഗ് ആണ് ചിത്രം. രണ്ടു തവണ അക്കാദമി അവാർഡിന് നോമിനേഷൻ ലഭിച്ച ഏക വനിതയാണ് ന്യൂസിലൻഡുകാരിയായ കാംപിയോൺ. 1993-ൽ ദി പിയാനോ എന്ന ചിത്രത്തിലൂടെ കാനിൽ പാം ദി ഓർ നേടുന്ന ആദ്യ വനിതയായും അവർ ചരിത്രം കുറിച്ചിട്ടുണ്ട്.