പ്രണവ് മോഹൻലാലിൻ്റെ അപരൻ; വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
പ്രണവ് മോഹൻലാലിൻ്റെ അപരനുമായുള്ള രസകരമായ കൂടിക്കാഴ്ച ചിത്രീകരിക്കുന്ന വീഡിയോ പങ്കുവെച്ച് മലയാളത്തിൻ്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന അറിയിപ്പ് എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്നുള്ള രസകരമായ വീഡിയോ ആണ് കുഞ്ചാക്കോ ആരാധകരുമായി ഷെയർ ചെയ്തത്.
ബിപിൻ തൊടുപുഴ എന്ന മേക്കപ്പ് കലാകാരനാണ് വീഡിയോയിൽ ഉള്ളത്. മുഖച്ഛായയിലും ശരീര ഘടനയിലും പ്രണവുമായി സാമ്യമുള്ള ബിപിൻ പ്രണവിൻ്റേതിന് സമാനമായ വേഷവിധാനങ്ങളോടെയാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. യാത്രകളിൽ പ്രണവ് ധരിക്കാറുള്ള തൊപ്പിയും ബാക്ക് പാക്കും കൂടി ആയപ്പോൾ കുഞ്ചാക്കോ പറയുന്നതുപോലെ ബിപിൻ ശരിക്കും പ്രണവിൻ്റെ ഒരു ലൈറ്റ് വേർഷൻ ആവുന്നുണ്ട്.
മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച് ഷൂട്ട് ചെയ്ത വീഡിയോയ്ക്ക് രസകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആക്റ്റിങ്ങ് ആണെന്ന് കണ്ടാൽ തോന്നുകയേ ഇല്ലെന്ന് ചിലർ ട്രോളുമ്പോൾ ഇത് ലൈറ്റ് അല്ല, പ്രോ മാക്സ് ആണെന്ന് മറ്റു ചിലർ പ്രതികരിക്കുന്നു. എന്തായാലും രണ്ടു മണിക്കൂറിനുള്ളിൽ മൂന്ന് ലക്ഷത്തിനടുത്ത് ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു.