'കേഡര്‍മാര്‍ക്ക് ഇന്‍സെന്റീവ്; അടിമുടി മാറാനൊരുങ്ങി കോണ്‍ഗ്രസ്.
കോൺഗ്രസിൽ അടിമുടി മാറ്റത്തിനായി നേതാക്കൾക്കും അണികൾക്കും മാർഗ്ഗരേഖ ഇറക്കിയിരിക്കുകയാണ്. ഡിസിസി പ്രസിഡണ്ടുമാരുടെ ശിൽപ്പശാലയിൽ കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് പി ടി തോമസാണ് മാർഗ്ഗരേഖ അവതരിപ്പിച്ചത്.
തർക്കം തീർക്കാൻ ജില്ലാ തലങ്ങളിൽ സമിതി ഉണ്ടാക്കും. പാർട്ടി കേഡര്‍മാര്‍ക്ക് പ്രതിമാസ ഇൻസെന്റീവ് നൽകും. വ്യക്തിപരമായി ആരും ഫ്ലെക്സ് ബോർഡുകൾ വെക്കരുത്. സ്റ്റേജിൽ നേതാക്കളെ കുത്തി നിറക്കരുത്. പാർട്ടി പരിപാടികളുടെ വേദികളിൽ നേതാക്കളെ നിയന്ത്രിക്കണം. സംസ്ഥാന നേതാക്കളെ പാർട്ടി പരിപാടികൾക്കായി പ്രാദേശിക നേതാക്കൾ നേരിട്ട് വിളിക്കരുത്. മണ്ഡലം കമ്മിറ്റിയുടേയും ഡിസിസികളുടേയും അനുവാദം വാങ്ങി മാത്രമേ നേതാക്കളെ വിളിക്കാവൂ തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
കൂടാതെ ഗ്രാമങ്ങളിലെ പൊതു പ്രശ്നങ്ങളിൽ പ്രാദേശിക നേതാക്കൾ സജീവമായി ഇടപെടണം. വ്യക്തി വിരോധം കൊണ്ട് ആരെയും കമ്മിറ്റികളിൽ നിന്നും ഒഴിവാക്കരുത്. ബൂത്തുതല നേതാക്കൾക്ക് വരെ ഇടയ്ക്കിടെ പരിശീലനം നൽകും. നേതാക്കളെ പാർട്ടി പരിപാടിക്ക് വിളിക്കുമ്പോൾ ഡിസിസി അനുവാദം നിർബന്ധം. ഡിസിസി ഓഫീസുകളിൽ സന്ദർശക രജിസ്റ്റർ നിർബന്ധം. ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം ആറു മാസം കൂടുമ്പോൾ വിലയിരുത്തുമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു.