സിനിമാ തിയേറ്ററുകളിലെ അമിത നിരക്ക്; സർക്കാരിന് നിർദേശവുമായി മദ്രാസ് ഹൈക്കോടതി
ചെന്നൈ: ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സിനിമാ തിയേറ്ററുകളിൽ നിന്ന് പണം ഈടാക്കാനുള്ള നടപടി സ്വീകരിക്കാൻ മദ്രാസ് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. തിയേറ്ററുകളിലെ അമിത നിരക്കിനെതിരെ ജി. ദേവരാജൻ എന്നയാളാണ് ഹർജി നൽകിയത്. സർക്കാരിൻ്റെ നിരീക്ഷണ സംവിധാനം ഉണ്ടായിട്ടും അമിത നിരക്ക് ഈടാക്കുന്നുവെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. പരിശോധന കർശനമായി തുടരണമെന്നും ഇതുവരെ ഈടാക്കിയ അധിക തുക തിരിച്ചുപിടിക്കാനുള്ള വഴി തേടണമെന്നും കോടതി നിർദ്ദേശിച്ചു. അമിത നിരക്ക് ഈടാക്കുന്നത് തടയാൻ ഹൈക്കോടതി രണ്ട് ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. സാധാരണ തിയേറ്ററുകളിൽ 120 രൂപയും ഐമാക്സ് തിയേറ്ററുകളിൽ 480 രൂപയുമാണ് പരമാവധി നിരക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ സൂപ്പർ താരങ്ങളുടെ സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ അമിത നിരക്ക് ഈടാക്കുന്നുവെന്നാണ് ഹർജിക്കാരന്‍റെ ആരോപണം. അമിത നിരക്ക് ഈടാക്കിയ തിയേറ്ററുകൾക്കെതിരെ നടപടിയെടുത്തതായി സർക്കാർ അറിയിച്ചു.