കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നല്‍കി ചേര്‍പ്പ് സര്‍വീസ് സഹകരണ ബാങ്ക്.
ചേര്‍പ്പ്:
ചേര്‍പ്പ് ഗ്രാമപഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നല്‍കി ചേര്‍പ്പ് സര്‍വീസ് സഹകരണ ബാങ്ക്. അമ്പതിനായിരം രൂപ വിലവരുന്ന ഉപകരണമാണ് ബാങ്ക് പ്രസിഡണ്ട് കെ ആര്‍ അശോകന്‍ ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിഷ കള്ളിയത്തിന് കൈമാറിയത്.
കൊവിഡ് രണ്ടാംതരംഗ സാഹചര്യത്തില്‍ ഡി സി സികളില്‍ നിന്നും ഡിസ്ചാര്‍ജായി വീടുകളില്‍ എത്തിയതിന് ശേഷവും പഞ്ചായത്തിലെ രോഗികള്‍ ഓക്സിജന്‍ ലഭ്യത കുറവ് മൂലം
ബുദ്ധിമുട്ടിയിരുന്നു. അത് പരിഹരിക്കുന്നതിനാവശ്യമായ കോണ്‍സെന്‍ട്രേറ്റര്‍ ആവശ്യകതയുമായി ഇവര്‍ പ്രസിഡണ്ടിനെ സമീപിച്ചു. ഇവരുടെ ആവശ്യം മനസ്സിലാക്കിയ പ്രസിഡണ്ട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടിനോട് ആവശ്യം അറിയിക്കുകയായിരുന്നു.
ഇതിനു മുന്‍പും പടിഞ്ഞാറ്റുമുറി ഗവ ജൂനിയര്‍ ബേസിക് സ്കൂളില്‍ സജ്ജമാക്കിയ ഡി സി സിയിലെ രോഗികള്‍ക്കാവശ്യത്തിന് ചൂട് വെള്ളം നല്‍കുന്നതിനായി വാട്ടര്‍ ഡിസ്പെന്‍സറും ബാങ്ക് നല്‍കിയിരുന്നു. ചടങ്ങില്‍ ബാങ്ക് സെക്രട്ടറി എം എസ് രേഖ, ബാങ്ക് ഡയറക്ടര്‍മാര്‍, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.