തൃശൂർ മെഡിക്കൽ കോളേജിന് ഗവ.എൻജിനീയറിംഗ് കോളേജ് വികസിപ്പിച്ച ഓക്സിജൻ കോൺസൻട്രേറ്റർ

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിലേക്ക് ഗവ.എൻജിനീയറിങ് കോളേജിൽ വികസിപ്പിച്ച ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി. ഗവ.എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർത്ഥികളും കോളേജിലെ ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിൽ

പ്രവർത്തിക്കുന്ന എസ്ട്രോ ടെക് റോബോട്ടിക്സ് എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയും ചേർന്നാണ് ഓക്സിജൻ കോൺസെൻട്രേറ്റർ വികസിപ്പിച്ചെടുത്തത്. പ്രഷർ സ്വിങ് അഡ്സോർപ്ഷൻ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്. പൂർണ്ണമായും കേരളത്തിലെ കാലാവസ്ഥ സാഹചര്യങ്ങൾക്കനുസരിച്ച് നിർമ്മിച്ചിരിക്കുന്ന ഈ ഓക്സിജൻ കോൺസെൻട്രേറ്റർ വഴി 90 ശതമാനത്തിൽ കൂടുതൽ ശുദ്ധിയുള്ള ഓക്സിജൻ ലഭ്യത നേടാൻ സാധിക്കും. ഇതുപയോഗിച്ച് ഒന്നുമുതൽ നാലുവരെ രോഗികൾക്ക് ഒരേസമയത്ത് ഓക്സിജൻ ഉല്പാദിപ്പിച്ച് നൽകാൻ കഴിയും. വീടുകളിലും ആശുപത്രികളിലും ഇതുപയോഗിക്കാം.

ചെറിയ ആശുപത്രികളെ പിന്തുണക്കാൻ ഇതുപോലുള്ള 4 മുതൽ 10 വരെയുള്ള മെഷീനുകൾ ഒരുമിച്ച് ബന്ധിപ്പിക്കുന്നതിനും സാധിക്കും. കോൺസൻട്രേറ്റർ നിർമ്മിക്കാൻ ഒരു ലക്ഷം രൂപ താഴെ മാത്രമാണ് ചെലവ്. കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥികളായ അതുൽ സി കെ, അജിത് വിജയ്, അഗീഷ് ബാബു, ആൽബിൻ എന്നിവരും ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥി ജോസഫ്, എസ്ട്രോ ടെക് സ്റ്റാർട്ട് കമ്പനി സ്ഥാപകരായ ക്രിസ്റ്റോ കൊള്ളന്നൂർ ക്രിസ്റ്റോ വർഗീസ് തുടങ്ങിയവരാണ് കോൺസെൻട്രേറ്റർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. തുടർച്ചയായ നീണ്ട നാലുമാസത്തെ പരീക്ഷണങ്ങൾക്കൊടുവിലാണ് ഇവർ വിജയം കണ്ടത്.

കോളേജ് അധ്യാപകരായ ഡോ.വി പി മോഹൻദാസ്, ഡോ.മനോജ് പി ജെ, ഡോ.വി ലിജോ, ഡോ.അജയ് ജെയിംസ്, പ്രൊഫ ബിനോയ്‌ ബി ബി, ഡോ.രമേശ്‌ കുമാർ എന്നിവരായിരുന്നു പ്രോജക്ട് ടെക്നിക്കൽ ഉപദേശകർ. കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജിനി ഭട്ടതിരിപ്പാടിന്റെ പിന്തുണയും ഉണ്ടായിരുന്നു.

കോളേജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എജുക്കേഷൻ സെൽ, കോളേജ് അധ്യാപകർ, സ്റ്റാർട്ട് അപ്പ്, സന്നദ്ധപ്രവർത്തകർ എന്നിവർ ചേർന്നാണ് പ്രോജക്ട് പൂർത്തീകരിക്കുന്നതിന് ആവശ്യമായ തുക സമാഹരിച്ചത്. കോളജ് പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥ്, സൂപ്രണ്ട് ഡോ.ബിജു കൃഷ്ണൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നിഷ എം ദാസ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പി ആർ രമേശ്, സെക്യൂരിറ്റി ഓഫീസർ സൈമൺ എന്നിവർ ചേർന്ന് മെഷീൻ ഏറ്റുവാങ്ങി.

Related Posts