ഇഡ്ഡലി-ദോശ മാവ് വിറ്റ് നൂറ് മില്യൺ ഡോളർ മൂല്യമുള്ള കമ്പനി വളർത്തിയെടുത്ത മലയാളിയുടെ കഥ

ആറാം ക്ലാസ്സിൽ തോറ്റപ്പോൾ പഠിപ്പ് നിർത്തിയ മുസ്തഫ പി സി എന്ന വയനാട്ടുകാരൻ പിന്നീട് നൂറ് മില്യൺ ഡോളർ മൂല്യമുള്ള കമ്പനിയുടെ സിഇഒ ആയി മാറിയ കഥ കേട്ടിട്ടുണ്ടോ?

കഥ എന്ന് പറഞ്ഞുകൂടാ, യഥാർഥ സംഭവമാണിത്.മലയാളിയാണെങ്കിലും ശരാശരി മലയാളികൾക്കിടയിൽ അത്ര സുപരിചതനല്ല മുസ്തഫ പി സി എന്ന ഈ വയനാട്ടുകാരൻ. ഹ്യൂമൻസ് ഓഫ് ബോംബെ' എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച മലയാളി യുവാവിൻ്റെ പ്രചോദനാത്മകമായ ട്രൂ സ്റ്റോറി ഇവിടെ ചുരുക്കി വിവരിക്കാം.

ജനിച്ച കുലമോ കുടുംബ മഹിമയോ, സാമ്പത്തിക അടിത്തറയോ, പാരമ്പര്യപ്പെരുമയോ ഒന്നുമല്ല, സ്വപ്നങ്ങൾ കാണാനുള്ള കഴിവും, അത് പ്രാവർത്തികമാക്കാനുള്ള ഇച്ഛാ ശക്തിയും, തിരിച്ചടികളേയും വെല്ലുവിളികളേയും മറികടക്കാനും ലക്ഷ്യങ്ങൾ നേടിയെടുക്കാനുമുള്ള നിശ്ചയ ദാർഢ്യവുമാണ് ജീവിത വിജയത്തിന് ആധാരമെന്ന് മുസ്തഫയുടെ ജീവിത കഥ നമ്മോട് പറയുന്നു.

വയനാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിലായിരുന്നു മുസ്തഫയുടെ ജനനം. പിതാവ് ഒരു കൂലിപ്പണിക്കാരൻ. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതിരുന്ന പിതാവിന് മക്കളെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കണം എന്ന ആഗ്രഹമായിരുന്നു.

എന്നാൽ ആറാം ക്ലാസ്സിൽ തോറ്റതോടെ പഠിപ്പ് നിർത്താനാണ് മുസ്തഫ തീരുമാനിച്ചത്. വാപ്പയ്ക്കൊപ്പം കൂലിപ്പണിക്ക് ഇറങ്ങണം. മൂന്നു നേരവും നേരാംവണ്ണം ഭക്ഷണം കഴിക്കണം. പഠനത്തേക്കാൾ വിലപ്പെട്ടത് ഭക്ഷണമാണെന്ന് ആ കൊച്ചു ബാലന് തോന്നി.

എന്നാൽ സ്കൂളിലെ സ്നേഹനിധിയായ ഒരു അധ്യാപകൻ്റെ ഇടപെടൽ മുസ്തഫയെ തിരികെ ക്ലാസ് മുറിയിലെത്തിച്ചു. അദ്ദേഹം കുട്ടിക്ക് സൗജന്യമായി ട്യൂഷൻ ഏർപ്പാടാക്കി. അധികം താമസിയാതെ ക്ലാസ്സിലും പിന്നീട് സ്കൂളിലും ഒന്നാമനായി മാറാൻ മുസ്തഫയ്ക്ക് കഴിഞ്ഞു. പഠിച്ച് മിടുക്കനാവാനും നല്ല ജോലി സമ്പാദിക്കാനുമുള്ള ആഗ്രഹം അവനിൽ ജനിപ്പിച്ചത് ആ പ്രൈമറി സ്കൂൾ അധ്യാപകനാണ്. കോളെജിൽ ചേർന്നപ്പോൾ ഫീസടച്ചതും മറ്റ് സഹായങ്ങൾ ചെയ്തതും അദ്ദേഹം തന്നെ.കോളെജ് വിദ്യാഭ്യാസം പൂർത്തിയാക്കി നല്ലൊരു ജോലി സമ്പാദിച്ച മുസ്തഫ തൻ്റെ ആദ്യ ശമ്പളം വാപ്പയുടെ കൈയിൽ ഏൽപ്പിച്ചപ്പോഴുള്ള അനുഭവത്തെപ്പറ്റി അഭിമുഖത്തിൽ പറയുന്നുണ്ട്.

14,000 രൂപയായിരുന്നു ആദ്യ ശമ്പളം. അത് കൈകളിൽ വാങ്ങുമ്പോൾ വാപ്പയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. "താൻ ജീവിതകാലം മുഴുവൻ നേടിയതിനേക്കാൾ അധികം" എന്ന പിതാവിൻ്റെ വാക്കുകൾ മുസ്തഫയുടെ കണ്ണുകളെയും ഈറനണിയിച്ചു. പിന്നീട് വിദേശത്ത് ജോലിക്ക് പോയ മുസ്തഫ പിതാവിൻ്റെ കടങ്ങളെല്ലാം അടച്ചു തീർക്കുന്നുണ്ട്. നാട്ടിലും വിദേശത്തുമെല്ലാം ജോലി ചെയ്യുമ്പോഴും സ്വന്തമായി ഒരു ബിസ്നസ് ചെയ്യാനുള്ള ആഗ്രഹമാണ് മനസ്സിൽ പച്ച പിടിച്ചു നിന്നതെന്ന് മുസ്തഫ പറയുന്നു. ഇഡ്ഡലി-ദോശ മാവ് ഒരു സാധാരണ പാക്കറ്റിലാക്കി വിൽക്കുന്ന കച്ചവടക്കാരനെ കണ്ട കസിനാണ് മുസ്തഫയോട് ഫ്രഷ് ഫുഡ് എന്ന ആശയം പങ്കുവെയ്ക്കുന്നത്. ഐ ഡി ഫ്രഷ് ഫുഡ് എന്ന മില്യൺ ഡോളർ കമ്പനിയുടെ ആശയത്തിന് മുള പൊട്ടുന്നത് അങ്ങനെയാണ്. മുസ്തഫയും കസിൻസായ അബ്ദുൾ നാസർ, ഷംസുദ്ദീൻ, ജാഫർ, നൗഷാദ് എന്നിവരും ചേർന്ന് ബെംഗളൂരുവിൽ ഒരു ചെറിയ കിച്ചണ് തുടക്കം കുറിച്ചു.

അമ്പത് ചതുരശ്ര അടി വിസ്തീർണമുള്ള ഒരു ചെറിയ സ്പെയ്സ്. ഒരു ഗ്രൈൻ്ററും മിക്സറും വെയിങ് മെഷീനും. ഇത്രയുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. നല്ല വൃത്തിയുള്ള സ്ഥലത്ത് ശുദ്ധമായ, ഒട്ടും കലർപ്പില്ലാത്ത ചേരുവകൾ ചേർത്ത് ഫ്രഷായ ഇഡ്ഡലി-ദോശ മാവ്.

100 പാക്കറ്റ് മാവ് വിൽക്കാൻ 9 മാസം എടുത്തെന്ന് മുസ്തഫ പറയുന്നു. തുടക്കത്തിൽ ഒട്ടേറെ പരിമിതികൾ അലട്ടിയിരുന്നു. കച്ചവടത്തിൽ നിരവധി അബദ്ധങ്ങൾ പിണഞ്ഞു. തെറ്റുകൾ സംഭവിച്ച് നഷ്ടങ്ങൾ സംഭവിച്ചപ്പോഴും എല്ലാം ഇട്ടെറിഞ്ഞ് പോവാനല്ല, മറിച്ച് വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ശ്രമിച്ചു. തെറ്റുകളിൽ നിന്ന് ശരികൾ കണ്ടെത്താൻ പഠിച്ചു.

പതിയെപ്പതിയെ പുതിയ ചുവടുകൾ വെച്ചു. കമ്പനിക്ക് തുണയായി 'മൗത്ത് പബ്ലിസിറ്റി' കൂടെ വന്നു. കേട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞും ആളുകൾ ഐ ഡി ഫ്രഷ് ഫുഡ് ഉത്പന്നങ്ങൾ തേടിയെത്താൻ തുടങ്ങി. പിന്നീടുള്ള വളർച്ച അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു എന്ന് മുസ്തഫ ഓർക്കുന്നു.

50,000 രൂപയുടെ പ്രാഥമിക മൂലധനത്തിൽ മുസ്തഫ തുടങ്ങിയ സ്ഥാപനം 3 കൊല്ലം വരെ കസിൻസാണ് നടത്തിയത്. പിന്നീട് വിദേശത്തെ ജോലി ഉപേക്ഷിച്ച് മുസ്തഫ കൂടി അവർക്കൊപ്പം ചേർന്നു. സമ്പാദിച്ച പണം മുഴുവൻ കച്ചവടത്തിൽ ഇറക്കി.

വർഷങ്ങൾ നീണ്ട അതിജീവന പോരാട്ടമായിരുന്നു. അപ്രതീക്ഷിതമായി നഷ്ടങ്ങൾ സംഭവിച്ചു. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത സാമ്പത്തിക പ്രതിസന്ധികൾ അഭിമുഖീകരിച്ചു.

25 ജീവനക്കാരാണ് ഐ ഡി ഫ്രഷ് ഫുഡ്സിൻ്റെ തുടക്കത്തിൽ ഉണ്ടായിരുന്നത്. 25 പേരേയും കോടിപതികളാക്കി മാറ്റും എന്ന തൻ്റെ മഹത്തായ സ്വപ്നം പങ്കുവെയ്ക്കുമ്പോഴെല്ലാം അവരെല്ലാം അത് ചിരിച്ചു തള്ളുമായിരുന്നെന്ന് മുസ്തഫ കൗതുകത്തോടെ ഓർക്കുന്നു.

8 വർഷത്തെ പ്രയത്നത്തിനൊടുവിൽ 2000 കോടി രൂപ വിറ്റുവരവുളള കമ്പനിയായി ഐ ഡി ഫ്രഷ് ഫുഡ് മാറി. ജീവനക്കാർക്ക് നൽകിയ വാഗ്ദാനം അദ്ദേഹം പാലിച്ചു. ആ 25 പേരും ഇന്ന് കോടിപതികളാണ്!

Related Posts