'പട' ഇന്നുമുതൽ പ്രൈം വീഡിയോയിൽ
കേരളം മുഴുവൻ ചർച്ച ചെയ്യപ്പെട്ട പൊളിറ്റിക്കൽ ത്രില്ലർ സിനിമ പട ഇന്നു മുതൽ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്തു തുടങ്ങും. ചിത്രത്തിലെ നായകന്മാരിൽ ഒരാളായ കുഞ്ചാക്കോ ബോബനാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
മാർച്ച് 11-ന് തിയേറ്റർ റിലീസായി വന്ന പട ബോക്സോഫീസ് വിജയവും നിരൂപക പ്രശംസയും ഒരേപോലെ കൈവരിച്ച ചിത്രമാണ്. കാൽനൂറ്റാണ്ട് മുമ്പ് അയ്യങ്കാളിപ്പട പാലക്കാട് കളക്ടറെ ബന്ദിയാക്കി രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച സംഭവമാണ് സിനിമയിലൂടെ പുനരാവിഷ്കരിക്കുന്നത്. കാലങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ആദിവാസി ഭൂപ്രശ്നം ഒരിക്കൽക്കൂടി കേരളമാകെ ചർച്ച ചെയ്യാൻ സിനിമ നിമിത്തമായെന്നാണ് വിലയിരുത്തൽ.
കുഞ്ചാക്കോ ബോബന് പുറമേ ജോജു ജോർജ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവരാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിർ ആണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഷാൻ മുഹമ്മദ് എഡിറ്റിങ്ങും വിഷ്ണു വിജയ് സംഗീതവും നിർവഹിക്കുന്നു. ഇ ഫോർ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ മുകേഷ് ആർ മേഹ്ത്തയും എ വി എ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എ വി അനൂപുമാണ് ചിത്രത്തിൻ്റെ നിർമാതാക്കൾ.