ഇന്ത്യയെ അറിഞ്ഞ് പദയാത്ര; ഒരു വർഷത്തിൽ 12,000 കി.മീ താണ്ടി ഉണ്ണികൃഷ്ണൻ നമ്പൂതിരി
തൃശൂർ : ഇന്ത്യയെ അറിയണം, വൈവിദ്ധ്യപൂർണ്ണമായ രാജ്യത്തിന്റെ കാഴ്ചകൾ നടന്ന് തന്നെ കാണണം. അങ്ങനെ 55 കാരനായ ഉണ്ണികൃഷ്ണൻ നമ്പൂതിരി തന്റെ ലക്ഷ്യം പൂർത്തിയാക്കി മടങ്ങിയെത്തി. ജനുവരി 1 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച പദയാത്ര അവസാനിച്ചതും അവിടെ തന്നെ. യാത്രക്ക് വേണ്ടതൊന്നും അദ്ദേഹം കരുതിയിരുന്നില്ല. ഉടുമുണ്ടും തോർത്തും ധരിച്ച്, തോൾസഞ്ചിയിൽ കുടയും ചോറ്റുപാത്രവും മാത്രം സൂക്ഷിച്ച് 55 കാരനായ,തൃശൂർ ചാഴൂരിലെ പള്ളിപ്പാട്ട് ഉണ്ണികൃഷ്ണൻ നമ്പൂതിരി ഒരു വർഷം കൊണ്ട് 12,000 കിലോമീറ്ററാണ് നടന്ന് കണ്ടത്. ആവശ്യത്തിന് പണമോ, മൊബൈൽ ഫോണോ കൈയിലില്ല എന്നതിലുപരി, ഭാഷ വശമില്ലെന്നതും അവഗണിച്ച്, കാശ്മീർ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും അദ്ദേഹം നടന്നെത്തി. ഒരു ദിവസം 45 മുതൽ, 55 കിലോമീറ്റർ വരെ നടന്നു. രാവിലെ 4:30 മുതൽ, 11:30 വരെ നടക്കും. പിന്നീട് വിശ്രമത്തിന് ശേഷം വൈകിട്ട് മൂന്ന് മുതൽ രാത്രി ഏഴ് വരെ യാത്ര തുടരും. ചിലർ ഭക്ഷണം നൽകാൻ മടിച്ച സാഹചര്യങ്ങളിൽ, ഉൾഗ്രാമങ്ങളിലെ കുടിലുകളിൽ നിന്നും ഇഷ്ടംപോലെ ഭക്ഷണം ലഭിച്ചെന്നും അദ്ദേഹം പറയുന്നു.