പദ്മശ്രീ പുരസ്കാരപട്ടികയിൽ ഇടംപിടിച്ചത് 4 മലയാളികൾ

ഇക്കുറി 128 പേരുടെ പുരസ്കാരപട്ടികയിൽ ഇടംപിടിച്ചത് 4 മലയാളികൾ . പി നാരായണ കുറുപ്പ് (സാഹിത്യം-വിദ്യാഭ്യാസം), കെ വി റാബിയ(സാമൂഹികപ്രവർത്തനം), ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ (കായികം), ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണം), എന്നിവരാണ് പത്മശ്രീ പുരസ്ക്കാരത്തിന് അർഹരായ മലയാളികൾ.

കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പ്, വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മണ്ണുത്തി സ്വദേശിയായ ഡോ ശോശാമ്മ ഐപ്പ് എന്നിവർ പദ്മശ്രീ നേടി. സാമൂഹ്യപ്രവർത്തനത്തിന് കെവി റാബിയയും, കായിക രംഗത്തെ സംഭാവനകൾക്ക് ചുണ്ടയിൽ ശങ്കരനാരായണൻ മേനോനും പുരസ്കാരങ്ങൾ കിട്ടി.

സാഹിത്യമേഖലയിലെ പി നാരായണ കുറുപ്പ്

സാഹിത്യമേഖലയിലെ സംഭാവനയ്ക്കാണ് കവിയും നിരൂപകനുമായ പി നാരായണ കുറുപ്പിനെ പുരസ്ക്കാരത്തിന് അർഹനാക്കിയത്.കേന്ദ്ര വാർത്താവകുപ്പ്‌, കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്നിവയുടെ എഡിറ്റർ, റിസർച്‌ ഓഫീസർ എന്നീ നിലകളിൽ പ്രലർത്തിച്ചു. 1956-ൽ അധ്യാപകനായാണ് ജോലിയിൽ പ്രവേശിച്ചത്. 1957-ൽ സെൻട്രൽ സെക്രട്ടേറിയേറ്റ് സർവീസിലും 1971-75 കാലത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും (റിസർച്ച് ഓഫീസർ) പ്രവർത്തിച്ച ഇദ്ദേഹം, സെൻട്രൽ ഇൻഫർമേഷൻ സർവീസിൽ എഡിറ്റർ, വിശ്വവിജ്ഞാനകോശം, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽ ഗസ്റ്റ് എഡിറ്റർ, ആഗ്രയിലെ സൻസ്കാർ ഭാരതിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിശാഗന്ധി, അസ്‌ത്രമാല്യം, ഹംസധ്വനി, അപൂർണതയുടെ സൗന്ദര്യം, നാറാണത്തു കവിത, കുറുംകവിത എന്നിവ ഉൾപ്പടെ നിരവധി കവിതാസമാഹാരങ്ങൾ നിരൂപണങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 1986ലും 1990ലും കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും 1991ൽ ഓടക്കുഴൽ പുരസ്ക്കാരവും 2014ലെ വള്ളത്തോൾ പുരസ്ക്കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിന് ഡോ. ശോശാമ്മ ഐപ്പ്

വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനും അവയെപ്പറ്റി കേരളത്തിനകത്തും പുറത്തും ശാസ്ത്രീയമായ അവബോധം വളർത്താനും നേതൃത്വം വഹിച്ച ശാസ്ത്രജ്ഞയാണ് ഡോ. ശോശാമ്മ ഐപ്പ്. കാസർകോഡിന്റെ തനതു ജനുസായ കാസർകോഡ് പശുവിനെയും കോട്ടയത്തെ ചെറുവള്ളി പ്രദേശത്തുള്ള ചെറുവള്ളിപ്പശുവിനെയും സംരക്ഷിക്കാൻ മുൻകയ്യെടുത്തു. കുട്ടനാടൻ ചാര-ചെമ്പല്ലി താറാവുകളുടെയും അങ്കമാലി പന്നിയുടെയും സംരക്ഷണത്തിനായും പ്രവർത്തിച്ചു.കേരള കാർഷിക സർവ്വകലാശാലയിൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ പ്രവർത്തനം ആരംഭിച്ചത്.1950കളിൽ അവരുടെ വീട്ടിലും വെച്ചൂർ പശുക്കളെ വളർത്തിയിരുന്നു. 1989ലാണ് അന്യം നിന്നുപോകുമായിരുന്ന കേരളത്തിലെ തനതു കന്നുകാലികളെ സംരക്ഷിക്കാനുള്ള പ്രവർത്തനം ആരംഭിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത വെച്ചൂരിലാണ് ഈ പശുക്കൾ ഉരുത്തിരിഞ്ഞത്. ഇവയുടെ സംരക്ഷണത്തിനായുള്ള വെച്ചൂർ പശു സംരക്ഷണ ട്രസ്റ്റിന്റെ മാനേജിങ്ങ് ട്രസ്റ്റിയാണവർ. ലോക ഭക്ഷ്യ കാർഷിക സംഘടനയുടെയും ഐക്യരാഷ്ട്ര സംഘടനയുടെ വികസന പ്രൊജക്ടിന്റെയും (യു എൻ ഇ പി)അംഗീകാരം ലഭിച്ചു. ഇപ്പോൾ മണ്ണുത്തിയിൽ ഇന്ദിരാനഗറിൽ താമസം. കാർഷിക സർവ്വകലാശാലയിലെ റിട്ട. പ്രൊഫസ്സർ ഡോ. എബ്രഹാം വർക്കിയാണ് ഭർത്താവ്. രണ്ടു മക്കൾ.

കളരിപ്പയറ്റിൽ ഉണ്ണി ഗുരുക്കൾ എന്ന സി ശങ്കര നാരായണ മേനോൻ

കളരിപ്പയറ്റ് എന്ന ആയോധന കലയെ ജനകീയമാക്കിയത് 93 കാരനായ ഉണ്ണി ഗുരുക്കൾ എന്ന സി ശങ്കര നാരായണ മേനോൻ ആണ്. കളരി ചികിത്സാ സമ്പ്രദായത്തെ ഇല്ലായ്മയുടെ വക്കിൽ നിന്ന് അദ്ദേഹം രക്ഷിച്ചു. ആറാം വയസ്സിൽ മുടവങ്ങാട്ട് തറവാട് കളരിയിലാണ് അച്ഛൻ ശങ്കുണ്ണി പണിക്കരുടെ ശിക്ഷണത്തിൽ അദ്ദേഹം കളരി പരിശീലനം ആരംഭിച്ചത്. 16-ാം വയസ്സിൽ അദ്ദേഹം തന്റെ "അരങ്ങേറ്റം" അവതരിപ്പിച്ചു. കളരി പരിശീലനവും പ്രദർശനവും നടത്തി. തൃശ്ശൂരിലെ ചാവക്കാട് അദ്ദേഹം നടത്തുന്ന വല്ലഭട്ട കളരി സന്ദർശിക്കാൻ വിദേശ രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് എത്തുന്നത്. കളരി പരിശീലനം നൽകുകയും യുഎസ്, ഫ്രാൻസ്, ബ്രിട്ടൻ, ബെൽജിയം, ഹോളണ്ട്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ പ്രദർശനങ്ങൾ നടത്തുകയും ചെയ്തു.

അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് കെ വി റാബിയ

അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് 1990 ൽ കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ് കെ വി റാബിയ. കോളേജ് വിദ്യാഭ്യാസ കാലത്ത് പോളിയോ പിടിപെട്ട് കാലുകൾക്ക് വൈകല്യം സംഭവിച്ചു. അംഗവൈകല്യമുള്ള വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നു. റാബിയയുടെ ആത്മകഥയാണ്‌ “സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്” എന്ന കൃതി.

Related Posts