പാക് ഡ്രോണുകള്‍ അതിർത്തി ലംഘനം തുടരുന്നു; സൈന്യം 1000 നിരീക്ഷണ കോപ്റ്ററുകൾ വാങ്ങും
ന്യൂഡല്‍ഹി: വ്യോമാതിർത്തി ലംഘിക്കുന്ന ഡ്രോണുകൾ കണ്ടെത്താൻ 1,000 നിരീക്ഷണ കോപ്റ്ററുകൾ വാങ്ങാൻ ഇന്ത്യ. ഇതിന് വേണ്ടിയുള്ള ടെന്‍ഡര്‍ നടപടികൾ വേഗത്തിലാക്കാൻ സൈന്യം പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വ്യോമാതിർത്തി ലംഘിച്ച് പാക് ഡ്രോണുകൾ നിരന്തരം പറക്കുന്നതിനിടെയാണ് സൈന്യത്തിന്റെ ആവശ്യം. നിരീക്ഷണ കോപ്റ്ററുകൾക്ക് പുറമേ, പൈലറ്റില്ലാതെ പറക്കാൻ കഴിയുന്ന 80 ചെറിയ വിമാനങ്ങളും സൈന്യം അടിയന്തിരമായി വാങ്ങുന്നുണ്ട്. രാവും പകലും ഒരുപോലെ കൃത്യമായി നിരീക്ഷിക്കാൻ ഇതിലൂടെ സാധിക്കും. ഇതിനായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. സമീപകാലത്ത്, പാകിസ്ഥാൻ ഡ്രോണുകൾ പതിവായി വ്യോമാതിര്‍ത്തി ലംഘിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ വർഷം മാത്രം 13 പാക് ഡ്രോണുകളാണ് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ വെടിവെച്ചിട്ടത്. ഇതുവരെ 23 പാക് ഡ്രോണുകളാണ് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ വെടിവെച്ചിട്ടത്.