പെട്രോളിനും ഡീസലിനും 35 രൂപ വീതം കൂട്ടി പാക് സർക്കാർ; ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ
ഇസ്ലാമാബാദ്: പെട്രോൾ, ഡീസൽ വില 35 രൂപ വീതം വർദ്ധിപ്പിച്ച് പാകിസ്ഥാൻ സർക്കാർ. പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും മൂലം വലയുന്ന പാകിസ്ഥാനിലെ ജനങ്ങൾക്ക് വില വർദ്ധനവ് വലിയ തിരിച്ചടിയായി. ഞായറാഴ്ച രാവിലെ ധനമന്ത്രി ഇഷാഖ് ധർ ടെലിവിഷനിലൂടെയാണ് സുപ്രധാന തീരുമാനം ജനങ്ങളെ അറിയിച്ചത്. ഇതോടെ പെട്രോളിന് 249.80 രൂപയും ഡീസലിന് 262.80 രൂപയുമായി. മണ്ണെണ്ണയ്ക്ക് 18 രൂപയാണ് കൂട്ടിയത്. പുതുക്കിയ വില ഞായറാഴ്ച രാവിലെ മുതൽ പ്രാബല്യത്തിൽ വന്നു. പാകിസ്ഥാനിൽ എല്ലാ മാസവും 1 മുതൽ 16 വരെ രണ്ടാഴ്ചയിലൊരിക്കൽ എണ്ണവില പരിഷ്കരിക്കാറുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കർശന വ്യവസ്ഥകൾ പാലിച്ച് അന്താരാഷ്ട്ര നാണയ നിധിയുടെ വായ്പാ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ഭരണ സഖ്യം തയ്യാറാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. വിലക്കയറ്റത്തിന് മുന്നോടിയായി പാകിസ്ഥാനിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്ഥാൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു.