ഭീകരാക്രമണം തടയാൻ വേണ്ടിവന്നാൽ അഫ്ഗാനിസ്താനിൽ വ്യോമാക്രമണം നടത്തും
തീവ്രവാദികളുടെ സുരക്ഷിത താവളമായി പാകിസ്താൻ മാറുന്നു, അമേരിക്കയുടെ ആശങ്ക 'സത്യസന്ധ'മെന്ന് പെൻ്റഗൺ
തീവ്രവാദികൾക്ക് സുരക്ഷിത താവളമാകുകയാണ് പാകിസ്താൻ എന്ന അമേരിക്കയുടെ ആശങ്കയിൽ കാപട്യമില്ലെന്ന് പെൻ്റഗൺ. "ലോകത്തിന്റെ ആ ഭാഗത്ത്" ഭീകരതയുമായി ബന്ധപ്പെട്ട തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ പാകിസ്താൻ തയ്യാറാകണമെന്ന് പെന്റഗൺ ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ പ്രസ് സെക്രട്ടറി ജോൺ കിർബി ആവശ്യപ്പെട്ടു. 20 വർഷത്തെ യുദ്ധം അവസാനിപ്പിച്ച് രാജ്യം വിട്ടെങ്കിലും, ഭീകരാക്രമണം തടയാൻ അഫ്ഗാനിസ്താനിൽ വേണ്ടിവന്നാൽ വ്യോമാക്രമണം നടത്താൻ അമേരിക്കയ്ക്ക് അവകാശമുണ്ടെന്നും കിർബി കൂട്ടിച്ചേർത്തു.
ആശങ്കകൾ ദീർഘകാലമായി ഉള്ളതാണ്. ഇപ്പോഴും അത് നിലനിൽക്കുന്നു. വളരെ ആത്മാർഥമായ ആശങ്കയാണ് അതെന്നും കിർബി പറഞ്ഞു.അഫ്ഗാനിസ്താൻ്റെ അയൽരാജ്യം എന്ന നിലയിൽ പാകിസ്താൻ അതിൻ്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണം. ഇക്കാര്യം ഉറപ്പാക്കാൻ പാക് നേതാക്കളുമായി ആത്മാർഥമായ സംഭാഷണങ്ങൾ തുടർന്നുവരികയാണ്. പാകിസ്താനി ജനത ഇതേ തീവ്രവാദ ഭീഷണിയുടെ ഇരകളാണ് എന്ന കാര്യം മറക്കരുതെന്നും പെൻ്റഗൺ പ്രസ് സെക്രട്ടറി ഓർമിപ്പിച്ചു.
അൽ ക്വയ്ദ ഉൾപ്പെടെയുള്ള ഭീകര സംഘടനകൾക്ക് സുരക്ഷിത താവളമൊരുക്കുകയാണ് പാക്കിസ്താൻ എന്ന ആരോപണം വർഷങ്ങളായി രാജ്യം നേരിടുന്നുണ്ട്. അമേരിക്കൻ പിന്തുണയോടെ അധികാരത്തിലിരുന്ന അഷ്റഫ് ഗനി സർക്കാരും ഈ വിമർശനം ഉന്നയിച്ചിരുന്നു. താലിബാൻ ഭീകരർക്ക് ഇസ്ലാമാബാദ് സുരക്ഷിത താവളവും വൈദ്യസഹായവും നൽകുന്നുണ്ടെന്ന ആശങ്കയാണ് അഷ്റഫ് ഗനി പ്രകടിപ്പിച്ചത്.