പാകിസ്ഥാൻ ഇരുട്ടിൽ തന്നെ; വൈദ്യുത പ്രതിസന്ധി പൂർണമായി പരിഹരിക്കാനായില്ല
ന്യൂ ഡൽഹി: പാകിസ്ഥാനിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം. തലസ്ഥാനമായ ഇസ്ലാമാബാദും കറാച്ചിയും ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങൾ ഇരുട്ടിലാണ്. ഇന്നലെ തുടങ്ങിയ വൈദ്യുതി പ്രതിസന്ധി ഇതുവരെ പൂർണമായും പരിഹരിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് വൈദ്യുതി ഉത്പാദനം കുറയാൻ കാരണമെന്നാണ് വിമർശനം. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്. ദേശീയ തലസ്ഥാനമായ ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ, പെഷവാർ, ബലൂചിസ്ഥാൻ എന്നിവിടങ്ങൾ ഇന്നലെ മുതൽ ഇരുട്ടിലാണ്. വ്യാപാര മേഖല നിശ്ചലമായി. ട്രെയിൻ ഗതാഗതം താറുമാറായി. ട്രാഫിക് സിഗ്നലുകൾ പ്രവർത്തന രഹിതമായി. 22 കോടി ജനങ്ങളെ പ്രതിസന്ധി നേരിട്ട് ബാധിച്ചതായാണ് റിപ്പോർട്ട്. പവർ ഗ്രിഡിൽ തകരാർ സംഭവിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നിരുന്നാലും, സാമ്പത്തിക പ്രതിസന്ധി കാരണം വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ ഡീസലിന്‍റെയും കൽക്കരിയുടെയും സ്റ്റോക്ക് തീർന്നതാണ് കാരണമെന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ വൈദ്യുതിയുടെ 90 ശതമാനവും ഡീസൽ, കൽക്കരി നിലയങ്ങളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.