കടുത്ത സാമ്പത്തിക മാന്ദ്യം; ഡോളറിനെതിരെ കുത്തനെ ഇടിഞ്ഞ് പാക്കിസ്ഥാൻ രൂപ

ന്യൂഡൽഹി: ഡോളറിനെതിരെ ഇടിഞ്ഞ് പാക്കിസ്ഥാൻ രൂപ. മൂല്യം 255 രൂപയായി കുറഞ്ഞു. അന്താരാഷ്ട്ര നാണ്യ നിധിയിൽ നിന്ന് (ഐഎംഎഫ്) കൂടുതൽ വായ്പ ലഭിക്കുന്നതിനായി എക്സചേഞ്ച് നിരക്കിൽ അയവ് വരുത്തിയതിനാലാണ് മൂല്യം കുത്തനെ ഇടിഞ്ഞത്. ഒറ്റ ദിവസം കൊണ്ട് 24 രൂപയാണ് കുറഞ്ഞത്. കറൻസി നിരക്കിൻ മേലുള്ള സർക്കാർ നിയന്ത്രണം നീക്കം ചെയ്യണമെന്നും വിപണി അനുസരിച്ച് നിരക്ക് നിർണയിക്കപ്പെടട്ടെയെന്നും ഐഎംഎഫ് പാകിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 6.5 ബില്യൺ ഡോളറിന്‍റെ സഹായമാണ് പാകിസ്ഥാൻ നേടിയെടുക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം അനുവദിച്ച പണം ഐഎംഎഫ് തടഞ്ഞ് വെച്ചിരിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക മാന്ദ്യമാണ് പാക്കിസ്ഥാൻ ഇപ്പോൾ നേരിടുന്നത്. ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നു. ചിലയിടങ്ങളിൽ ഒരു കിലോ ധാന്യപ്പൊടിക്ക് മൂവായിരം രൂപ വരെയാണ് വില. പലയിടത്തും ഭക്ഷണ സാധനങ്ങൾ ലഭ്യമല്ല. ഭക്ഷ്യവസ്തുക്കൾക്ക് വേണ്ടി ആളുകൾ വഴക്കിടുന്ന വീഡിയോ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

Related Posts