അധിനിവേശ പ്രദേശങ്ങളിൽനിന്ന് പാകിസ്താൻ ഉടൻ പിന്മാറണം: ഇന്ത്യ
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ (യുഎൻഎസ്‌സി) കശ്മീർ വിഷയം ഉയർത്തിയതിന് തൊട്ടുപിന്നാലെ പാകിസ്താനെതിരെ രൂക്ഷമായ വിമർശനം അഴിച്ചുവിട്ട് ഇന്ത്യ. ജമ്മു കശ്മീരിലെ അധിനിവേശം അവസാനിപ്പിക്കാനും പാക് അധീന കശ്മീരിലെ എല്ലാ പ്രദേശങ്ങളിൽ നിന്നും ഉടൻ പിന്മാറാനും ഇന്ത്യ ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ വേദികളിലെല്ലാം ഇന്ത്യയ്‌ക്കെതിരെ കള്ളങ്ങളും ദുരുദ്ദേശ്യപരമായ പ്രചാരണങ്ങളും നടത്തുന്ന പാകിസ്താൻ യു എൻ വേദികൾ പൂർണമായും ദുരുപയോഗം ചെയ്യുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.
"ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഭാഗമായിരിക്കും എന്ന കാര്യം അർഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. പാകിസ്താൻ അനധികൃതമായി കൈയേറിയ മുഴുവൻ പ്രദേശങ്ങളും ഇതിൽ ഉൾപ്പെടും. അധിനിവേശ പ്രദേശങ്ങളിൽനിന്നും പാകിസ്താൻ ഉടൻ ഒഴിയണം," യു എന്നിലെ ഇന്ത്യൻ സ്ഥിരം ദൗത്യ കൗൺസിലർ കാജൽ ഭട്ട് പറഞ്ഞു.