രാജ്യത്തുടനീളം ആക്രമണത്തിന് ആഹ്വാനവുമായി പാക് താലിബാൻ
കാബൂള്‍: പാകിസ്ഥാനിലുടനീളം ആക്രമണത്തിന് ആഹ്വാനം ചെയ്ത് പാക് താലിബാന്‍. താലിബാൻ ഭരണകൂടം നിലവിൽ വന്നതിന് ശേഷം ജൂണിൽ പാക് താലിബാനും പാകിസ്ഥാൻ സർക്കാരും തമ്മിലുള്ള ചർച്ചകൾക്ക് താലിബാൻ മധ്യസ്ഥത വഹിച്ചിരുന്നു. എന്നാല്‍, വെടിനിർത്തൽ കരാർ അവസാനിപ്പിച്ചുവെന്നും പാക് താലിബാൻ അവരുടെ പോരാളികളോട് രാജ്യത്തുടനീളം ആക്രമണം നടത്താൻ ഉത്തരവിട്ടതായുമാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 2007ലാണ് തെഹ്‍രികെ താലിബാന്‍ പാകിസ്ഥാൻ (ടിടിപി) രൂപീകരിച്ചത്. അതിന് ശേഷം പാകിസ്ഥാനിൽ നടന്ന നൂറുകണക്കിന് ആക്രമണങ്ങൾക്ക് ടിടിപിയാണ് ഉത്തരവാദികൾ. അഫ്ഗാനിസ്ഥാനിൽ രണ്ടാം തവണയും അധികാരത്തിൽ തിരിച്ചെത്തിയ താലിബാൻ ഭരണാധികാരികൾ ടിടിപിയുമായുള്ള സമാധാന ചർച്ചകൾക്ക് മധ്യസ്ഥരായി പ്രവർത്തിച്ചു. ഇതിന്‍റെ ഫലമായി വെടിനിർത്തൽ കരാർ ഈ വർഷം ആദ്യം അംഗീകരിക്കപ്പെട്ടു. എന്നിരുന്നാലും, അതിനുശേഷം ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായില്ല. പാകിസ്ഥാൻ സൈന്യവും പാക് താലിബാനും പലപ്പോഴും വെടിനിർത്തൽ കരാർ ലംഘനവും നടത്തി. വെടിനിർത്തൽ അവസാനിപ്പിച്ചതായി അവകാശപ്പെടുന്ന പാക് താലിബാൻ ഇതാദ്യമായാണ് രാജ്യവ്യാപകമായി അക്രമത്തിന് ഉത്തരവിടുന്നത്.