കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആഡംബര കാർ ഇറക്കുമതി ചെയ്യാൻ പാകിസ്ഥാൻ
ഇസ്ലാമാബാദ്: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തും ആഡംബര കാറുകൾ ഇറക്കുമതി ചെയ്യാനുള്ള തീരുമാനവുമായി പാകിസ്ഥാൻ സർക്കാർ. ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ ആറ് മാസത്തിനുള്ളിൽ 2,200 ആഡംബര കാറുകൾ ഇറക്കുമതി ചെയ്യാൻ പാകിസ്ഥാൻ സർക്കാർ അനുമതി നൽകി. വിദേശനാണ്യ കരുതൽ ശേഖരത്തിൽ കുത്തനെ ഇടിവുണ്ടായതിനെത്തുടർന്ന് രാജ്യത്ത് അവശ്യവസ്തുക്കളുടെ ഇറക്കുമതിക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സമയത്താണ് വിദേശത്ത് നിന്ന് ആഡംബര കാറുകൾ ഇറക്കുമതി ചെയ്യാനുള്ള പാകിസ്ഥാന്‍റെ ഈ തീരുമാനം. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര കാറുകൾ ഇറക്കുമതി ചെയ്യുന്നത് വഴി എക്സൈസ് തീരുവയിലൂടെയും നികുതിയിലൂടെയും ഖജനാവിലേക്ക് പണം ഒഴുക്കാനാണ് പാകിസ്ഥാന്‍റെ നീക്കം. കാറുകൾ ഇറക്കുമതി ചെയ്യുന്നതിലൂടെ കോടിക്കണക്കിന് രൂപ വിദേശത്തേക്ക് പോകുമെങ്കിലും നികുതിയിനത്തിൽ 200 കോടിയോളം രൂപ ഖജനാവിലേക്ക് വരുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ അടുത്തിടെ പാകിസ്ഥാന്‍റെ വിവിധ ഭാഗങ്ങളിൽ എത്തിയ 8,500 കണ്ടെയ്നറുകളിൽ 95 ശതമാനവും കുടുങ്ങിക്കിടക്കുകയാണ്. അവശ്യ ഉപഭോക്തൃ വസ്തുക്കൾക്ക് പുറമേ വ്യാവസായിക ഉൽപ്പന്നങ്ങളും മരുന്നുകളും ഇതിൽ ഉൾപ്പെടുന്നു. ഇവ ഇറക്കുമതി ചെയ്യാൻ അനുമതി നൽകുന്നതിൽ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് ആഡംബര കാറുകൾ ഇറക്കുമതി ചെയ്യാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനം.