പാകിസ്താനി ഭീകരൻ പിടിയിൽ

ഇന്ത്യൻ പൗരൻ എന്ന വ്യാജേന കഴിഞ്ഞ പത്തുവർഷമായി രാജ്യത്ത് താമസിച്ചു വരുന്ന പാക് ഭീകരൻ പിടിയിലായതായി റിപ്പോർട്ടുകൾ. മുഹമ്മദ് അഷ്റഫ് എന്നയാൾ പത്തുവർഷത്തിലേറെയായി രാജ്യത്ത് ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുവരികയാണ്. സ്ലീപ്പർ സെല്ലിൽ ആയിരുന്നു പ്രവർത്തനം.

ജമ്മു കശ്മീരിൽ ഉൾപ്പെടെ വിധ്വംസക പ്രവർത്തനങ്ങളിൽ ഇയാൾ പങ്കാളിയായിട്ടുണ്ടെന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ വെളിപ്പെടുത്തി. പാകിസ്താൻ ചാര സംഘടനയായ ഐഎസ്ഐയുടെ പരിശീലനം സിദ്ധിച്ചയാളാണ് ഭീകരൻ.

അഹ്മദ് നൂറി എന്ന പേരിൽ ഉൾപ്പെടെ നിരവധി വ്യാജ ഐഡൻ്റി കാർഡുകൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അലി എന്നാണ് ഇയാളുടെ മറ്റൊരു പേര്. ഇന്ത്യൻ പാസ്പോർട്ടും കൈവശമുണ്ട്. ഇതുപയോഗിച്ച് തായ്ലന്റ് , സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഗാസിയാബാദിൽനിന്നുള്ള സ്ത്രീയെ ആണ് വിവാഹം ചെയ്തിരിക്കുന്നത്.

ഐഎസ്ഐ പരിശീലനം സിദ്ധിച്ച ഇയാൾ ബംഗ്ലാദേശിൽ നിന്ന് സിലിഗുരി അതിർത്തി വഴിയാണ് ഇന്ത്യയിലേക്ക് കടന്നതെന്നാണ് വിവരങ്ങൾ. പാകിസ്താനിൽ നിന്നുള്ള നസീർ എന്നയാളുടെ നിർദേശ പ്രകാരമാണ് ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നതെന്നും പറയപ്പെടുന്നു. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഇയാൾ അറിയപ്പെട്ടിരുന്നത് പീർ മൗലാന എന്ന പേരിലാണ്.

Related Posts