ഇന്ത്യയുടെ വിദേശനയത്തെ പ്രശംസിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
ഇന്ത്യയുടെ വിദേശ നയത്തെ പ്രശംസിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വിദേശ നയത്തിൻ്റെ കാര്യത്തിൽ ഇന്ത്യയ്ക്ക് സ്വതന്ത്രമായ നിലപാടാണ് ഉള്ളതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. പ്രതിപക്ഷം തനിക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ വിമർശിച്ച് തൻ്റെ സർക്കാരിൻ്റെ നേട്ടങ്ങളെപ്പറ്റി എണ്ണിയെണ്ണി പറയുന്നതിനിടയിലാണ് ഇന്ത്യയുടെ വിദേശ നയത്തെപ്പറ്റി അദ്ദേഹം നല്ല വാക്കുകൾ പറഞ്ഞത്. മാർച്ച് 25-നാണ് അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയും വോട്ടെടുപ്പും പാകിസ്താൻ പാർലമെൻ്റിൽ നടക്കുന്നത്.
അയൽക്കാരായ ഹിന്ദുസ്ഥാൻ്റെ വിദേശ നയത്തെ താൻ പ്രശംസിക്കുന്നു. വിദേശ നയത്തിൻ്റെ കാര്യത്തിൽ സ്വതന്ത്രമായ നിലപാടാണ് അവർക്കുള്ളത്. അമേരിക്കയുമായി ഇന്ത്യ സഖ്യത്തിലാണ്. അവർ ക്വാഡിൻ്റെയും ഭാഗമാണ്. എന്നാൽ ഉക്രയ്ൻ വിഷയത്തിൽ നിഷ്പക്ഷമായ നിലപാടാണ് തങ്ങൾക്കുള്ളതെന്ന് അവർ പറയുന്നു.
ഉപരോധങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യം ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ക്ഷേമമാണ് ഇന്ത്യ കണക്കിലെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഖൈബർ പഖ്തൂൺഖ്വയിലെ മലാകണ്ട് പ്രദേശത്ത് നടന്ന പൊതു റാലിയിൽ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.