പാന്‍ - ആധാർ ബന്ധിപ്പിക്കൽ ഇനി വൈകരുത്, പണിപാളും

സമയപരിധിക്കുള്ളില്‍ പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി കൊണ്ടിരിക്കുന്ന നിര്‍ദ്ദിഷ്ട സേവനങ്ങള്‍ തടസപ്പെടുമെന്ന് എസ്ബിഐ. ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ പാന്‍ ആധാറുമായി ബന്ധിപ്പിച്ചുവെന്ന് ഉറപ്പാക്കാന്‍ എസ്ബിഐ ഉപഭോക്താക്കളോട് നിര്‍ദ്ദേശിച്ചു. നിലവില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് അനുവദിച്ചിരിക്കുന്ന സമയപരിധി 2022 മാര്‍ച്ച് 31 ന് അവസാനിക്കാനിരിക്കെയാണ് ഉപഭോക്താക്കള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്.

ആധാറുമായി നിശ്ചിത തീയതിക്കകം ബന്ധിപ്പിക്കാത്ത പാന്‍ പ്രവര്‍ത്തന രഹിതമാകും അതോടെ ബാങ്കിങ് ഇടപാടുകള്‍ നടത്താന്‍ ഉപഭോക്താവിന് പാന്‍ കാര്‍ഡ് ഉപയോഗിക്കാനാകില്ല. അതിനാല്‍ ഇത്തരം അസൗകര്യങ്ങള്‍ ഒഴിവാക്കുന്നതിനും തടസരഹിതമായി ബാങ്കിങ് സേവനങ്ങള്‍ ആസ്വദിക്കുന്നതിനും ഉപഭോക്താക്കള്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കണം എന്നാണ് എസ്ബിഐ അറിയിപ്പ്.

കൊവിഡ് കാരണം ആധാര്‍-പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2021 സെപ്റ്റംബര്‍ 30 ല്‍ നിന്നും 2022 മാര്‍ച്ച് 31 ലേക്ക് നീട്ടി നല്‍കിയിട്ടുണ്ട്.

രണ്ട് രീതിയില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കാം

പാന്‍ ആധാറുമായി ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കുന്നതിന്:

∙ ഔദ്യോഗിക ആദായ നികുതി ഫയലിങ് വെബ്സൈറ്റ് സന്ദര്‍ശിക്കുക

∙ 'Link aadhaar' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക

∙അപ്പോള്‍ ഒരു പുതിയ പേജിലേക്ക് എത്തും

∙നിങ്ങളുടെ പാന്‍, ആധാര്‍ വിശദാംശങ്ങള്‍ നല്‍കുക

∙ജനിച്ച വര്‍ഷം മാത്രമാണ് ആധാര്‍ കാര്‍ഡില്‍ ഉള്ളതെങ്കില്‍ ''I have only year of birth in Aadhaar Card'' എന്ന് പറയുന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക

∙ക്യാപ്ച കോഡ് നല്‍കുക അല്ലെങ്കില്‍ ഒടിപി ഉപയോഗിച്ച് സ്ഥിരീകരിക്കുക

∙link Aadhaar എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

പാന്‍ ആധാറുമായി എസ്എംഎസ് വഴി ബന്ധിപ്പിക്കുന്നതിന്:

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് UIDPAN<12-അക്ക ആധാര്‍><10-അക്ക പാന്‍> എന്ന് എഴുതി 567678/ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക.

Related Posts