പാൻ- ആധാർ ബന്ധിപ്പിക്കൽ; നാളെ മുതൽ പിഴ, ഒരു വർഷത്തേക്ക് ഇളവ്

ന്യൂഡൽഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ നാളെ മുതൽ മുതൽ പിഴ നൽകണം. ആദ്യം മൂന്ന് മാസം വരെ 500 രൂപയും അതിനുശേഷം 1000 രൂപയുമാണ് പിഴ ശിക്ഷ. 2023 മാർച്ച് 31 വരെ പിഴ ഒടുക്കിക്കൊണ്ട് ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കാം. അതിനു ശേഷം ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ റദ്ദാവും. പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഒരു വർഷത്തേക്കു കൂടി ഇളവ് നൽകിയത്. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഒരു വർഷത്തിനകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 2023 മാർച്ച് 31-ന് ശേഷം അയാളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് ബുധനാഴ്ച അറിയിച്ചു. ഇന്നു കൂടി പിഴ നൽകാതെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനാവും. അതിനു ശേഷം ചെയ്യുന്നവർ ലിങ്ക് ചെയ്യുന്നതിന് 500 മുതൽ 1000 രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരും.

2022 ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെയാകും 500 രൂപ പിഴ ഈടാക്കുക. തുടർന്ന് 2023 മാർച്ച് 31 വരെ 1000 രൂപ പിഴയായി ഈടാക്കും. അതിനുശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ നമ്പറുകൾ നിർജ്ജീവമാക്കുമെന്നും അറിയിച്ചു. ഇതോടെ ആദായനികുതി റിട്ടേൺ ഉൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യാനാകില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ 2021-22 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ആദായ നികുതി റിട്ടേൺ വൈകി ഫയൽ ചെയ്യാനുള്ള അവസാന തിയതിയും ഇന്ന് അവസാനിക്കും. നിശ്ചിത സമയത്തിനകം ഐടിആര്‍ ഫയല്‍ ചെയ്യാന്‍ കഴിയാതിരുന്നവര്‍ മാർച്ച് 31നകം സമര്‍പ്പിക്കണം. ആദ്യം നൽകിയ റിട്ടേണിൽ തെറ്റുണ്ടെങ്കിൽ തിരുത്തി സമർപ്പിക്കാനുള്ള സമയവും ഇന്നു വരെയാണ്. ബാങ്ക് അക്കൗണ്ടുകളിലെ കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി 2021 ഡിസംബര്‍ 31ല്‍നിന്ന് 2022 മാര്‍ച്ച് 31വരെ റിസര്‍വ് ബാങ്ക് നീട്ടിയിരുന്നു. ഒമിക്രോണ്‍ വ്യാപനത്തെതുടര്‍ന്നാണ് സമയപരിധി നീട്ടിയത്.

Related Posts