പാത്രക്കണ്ടം ഉറവ് പാടം പ്രദേശത്തെ കാട്ടാന ശല്യത്തിന് പരിഹാരമാകുന്നു
പാണഞ്ചേരി:
പാണഞ്ചേരി പഞ്ചായത്തിലെ പാത്രക്കണ്ടം ആദിവാസി കോളനിയിലേയും വഴക്കുംപാറ പ്രദേശത്തോട് ചേര്‍ന്ന് വരുന്ന ഉറവ് പാടം, കോനിക്കല്‍ എന്നിവിടങ്ങളിലേയും കാട്ടാന ശല്യത്തിന് പരിഹാരമാകുന്നു. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കാട്ടാന ശല്യം തടയുന്നതിനായി പുതിയ വൈദ്യുത കമ്പി വേലി നിര്‍മിക്കും. ഒരു മാസത്തിനുള്ളില്‍ ഇതിന്‍റെ പണി പൂര്‍ത്തീകരിക്കാനാണ് തീരുമാനം.
2018 ലെ ഉരുള്‍പ്പൊട്ടലില്‍ ഈ പ്രദേശങ്ങളില്‍ കാട്ടാനശല്യം തടയുന്നതിനായി സ്ഥാപിച്ച വൈദ്യുത കമ്പി വേലികള്‍ തകര്‍ന്നിരുന്നു. ഒളകര പാത്രക്കണ്ടം മേഖലയില്‍ വനംവകുപ്പ് സ്ഥിരമായി ഒരു വാച്ചറെ നിയമിക്കാനും യോഗത്തില്‍ തീരുമാനമായി.
വനാതിര്‍ത്തിയില്‍ വരുന്ന ഭിത്തി കെട്ടല്‍ പോലുള്ള നിര്‍മാണ പ്രവൃത്തികള്‍ക്ക് കാട്ടില്‍ നിന്നും കല്ലുകള്‍ ശേഖരിക്കുന്നതിന് വേണ്ട അനുവാദം തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് നല്‍കാനും വനംവകുപ്പ് അനുമതി നല്‍കി. പ്രസ്തുത പ്രദേശത്തെ വൃത്തിയാക്കല്‍ അടക്കമുള്ള ജോലികളും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്‍കും.ഒളകര പത്രക്കണ്ടം പ്രദേശത്തെ ബന്ധിപ്പിക്കുന്ന 800 മീറ്റര്‍ റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് ഉടന്‍ പരിഹാരം കണ്ടെത്തുന്നതിനും യോഗത്തില്‍ തീരുമാനമായി.പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍ണ്ട് പി പി രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.