കഥക് നൃത്ത ലോകത്തെ ഇതിഹാസ പുരുഷൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു

കഥക് നൃത്തത്തെ ലോകവേദികളിൽ എത്തിച്ച പണ്ഡിറ്റ് ബിർജു മഹാരാജ് (83) വിടവാങ്ങി. ഹൃദയാഘാതമാണ് മരണകാരണം. പ്രഗത്ഭനായ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ കൂടിയായ അദ്ദേഹത്തിന് രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലും ഉൾപ്പെടെ ലോക വേദികളിലെല്ലാം കഥക് അവതരിപ്പിച്ചിട്ടുളള അദ്ദേഹം ഈ നൃത്തരൂപത്തിൻ്റെ പ്രമുഖരായ ആചാര്യൻമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. ഡൽഹിയിൽ 'കലാശ്രമം' എന്ന പേരിൽ കഥക് കളരി നടത്തി വരികയായിരുന്നു.

1938 ഫെബ്രുവരി 4-ന് ഉത്തർപ്രദേശിലെ വാരാണസിയിൽ ജനിച്ച അദ്ദേഹത്തിൻ്റെ പിതാവ് ജഗന്നാഥ് മഹാരാജ് ലക്നോ ഘരാനയിലെ പ്രമുഖ കഥക് കലാകാരൻ ആയിരുന്നു. അമ്മാവൻമാരായ ശംഭു മഹാരാജും ലച്ചു മഹാരാജുമാണ് ആദ്യകാല ഗുരുക്കന്മാർ. ഏഴാം വയസ്സിലാണ് അരങ്ങേറ്റം കുറിക്കുന്നത്. ഒമ്പതാം വയസ്സിൽ പിതാവിൻ്റെ മരണത്തെ തുടർന്ന് കുടുംബം ഡൽഹിയിലേക്ക് മാറി. തുടർന്ന് ഡൽഹിയായിരുന്നു അദ്ദേഹത്തിൻ്റെ തട്ടകം.

ശത്രഞ്ജ് കേ ഖിലാഡി, ദിൽ തോ പാഗൽ ഹെ, ഗദർ എക് പ്രേം കഥ, ദേവദാസ്, വിശ്വരൂപം തുടങ്ങിയ സിനിമകൾക്ക് സംഗീത, നൃത്ത സംവിധാനം നിർവഹിച്ചിട്ടുണ്ട്.

കമൽ ഹാസൻ്റെ വിശ്വരൂപം സിനിമയിലെ നൃത്ത രൂപകൽപ്പനയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, കാളിദാസ് സമ്മാൻ, ലത മങ്കേഷ്കർ പുരസ്കാരം, ഭാരത് മുനി സമ്മാൻ ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

Related Posts