പാണ്ഡ്യയും കോഹ്ലിയും നയിച്ചു; ഇന്ത്യയ്ക്ക് മികച്ച സ്‌കോർ
ട്വന്റി20 ലോകകപ്പിലെ രണ്ടാം സെമിയിൽ വിരാട് കോഹ്ലിയുടെയും ഹാർദിക് പാണ്ഡ്യയുടെയും തകർപ്പൻ അർധ സെഞ്ച്വറികളുടെ മികവിൽ ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണെടുത്തത്. ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശം ആയിരുന്നു. സ്കോർ ബോർഡിൽ ഒമ്പത് റൺസാകുമ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായ ഇന്ത്യക്കായി 33 പന്തിൽ അഞ്ച് സിക്സും നാല് ഫോറും സഹിതം 63 റൺസെടുത്ത ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും 40 പന്തിൽ ഒരു സിക്സിന്റെയും നാല് ഫോറിന്റെയും അകമ്പടിയിൽ 50 റൺസെടുത്ത വിരാട് കോഹ്ലിയും രക്ഷകരായി അവതരിക്കുകയായിരുന്നു. കോഹ്ലി അർധ സെഞ്ച്വറി തികച്ചയുടൻ ജോർദാന്റെ പന്തിൽ സാൾട്ട് പിടിച്ച് പുറത്തായപ്പോൾ പാണ്ഡ്യ ഇന്നിങ്സിലെ അവസാന പന്തിൽ ഹിറ്റ് വിക്കറ്റായി മടങ്ങുകയായിരുന്നു. അവസാന ഓവറുകളിൽ പാണ്ഡ്യ നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയുടെ സ്കോർ 160 കടത്തിയത്.