മലയാള സിനിമയിൽ ആദ്യം; സെന്ന ഹെഗ്ഡെയുടെ '1744 വൈറ്റ് ആൾട്ടോ' യിൽ ലൈംഗിക പീഡന പരാതികൾ കേൾക്കാൻ പാനൽ
നിരവധി സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കരസ്ഥമാക്കിയ ചിത്രമാണ് തിങ്കളാഴ്ച നിശ്ചയം. നല്ല സിനിമയുടെ ആസ്വാദകർക്കിടയിൽ സിനിമ ഏറെ ചർച്ച ചെയ്യപ്പെട്ടു. ചിത്രത്തിൻ്റെ സംവിധായകൻ സെന്ന ഹെഗ്ഡെ വീണ്ടും ഒരു ചിത്രം ചെയ്യാൻ ഒരുങ്ങുകയാണ്. എന്നാൽ 1744 വൈറ്റ് ആൾട്ടോ എന്ന ഈ ചിത്രം വാർത്തകളിൽ ഇടം പിടിക്കുന്നത് മറ്റൊരു ശ്രദ്ധേയമായ കാരണത്താൽ. പുതിയ സിനിമയിൽ ലൈംഗിക പീഡന പരാതി കേൾക്കാൻ ഒരു ഇൻ്റേണൽ പാനലുണ്ട്. മലയാള സിനിമയിൽ ആദ്യമായാണ് ഒരു സിനിമയിൽ ഇത്തരമൊരു സമിതി രൂപീകരിക്കുന്നത്.
ഷറഫുദ്ദീൻ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിൻസി അലോഷ്യസ് ആണ് നായിക. രാജേഷ് മാധവൻ, ആനന്ദ് മൻമഥൻ, നവാസ് വളളിക്കുന്ന്, ആർജെ നിൽജ, ആര്യ സലിം, സജിൻ ചെറുകയിൽ, രഞ്ജി കാങ്കോൽ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ വിമൺ ഇൻ സിനിമാ കളക്റ്റീവ് ഉൾപ്പെടെയുള്ളവർ നിരന്തരമായി ഉന്നയിച്ചുവരുന്ന ഒരു സുപ്രധാന ആവശ്യമാണ് ലൈംഗിക പീഡന പരാതികൾ കൈകാര്യം ചെയ്യാൻ ഓരോ സിനിമയ്ക്കും ഒരു ഇൻ്റേണൽ കമ്മിറ്റി വേണമെന്നുള്ളത്. ജസ്റ്റിസ് ഹേമ കമ്മിഷനും അത്തരം ഒരു നിർദേശം മുന്നോട്ട് വെച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മലയാള സിനിമയിൽ ആദ്യമായി അത്തരം ഒരു പാനലിന് രൂപം നൽകിയിരിക്കുകയാണ് കബിനി ഫിലിംസ്.
സിനിമയുടെ നിർമാണ വേളയിൽ പാലിക്കേണ്ട പെരുമാറ്റച്ചട്ടം നിർമാതാക്കൾ അഭിനേതാക്കളും അണിയറപ്രവർത്തകരുമായി പങ്കുവെച്ചു. രേഖയുടെ പകർപ്പ് സോഷ്യൽ മീഡിയയിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിർമാണ കമ്പനിക്ക് രൂപം കൊടുക്കാനുള്ള ആലോചനകൾക്ക് തുടക്കം കുറിച്ചപ്പോൾ മുതൽ ഇൻ്റേണൽ കമ്മിറ്റി മനസ്സിലുണ്ടെന്ന് നിർമാതാക്കളിൽ ഒരാളായ ശ്രീജിത്ത് നായർ പറഞ്ഞു. 16-18 വർഷത്തോളം കോർപറേറ്റ് കമ്പനികളിൽ പ്രവർത്തിച്ചുള്ള പരിചയം തങ്ങൾക്കുണ്ട്. വർക്ക് പ്ലേസിൽ ഏറ്റവും മികച്ച അന്തരീക്ഷം ഒരുക്കാനാണ് ശ്രമിക്കുന്നത്. സുതാര്യമായ പ്രവർത്തന രീതിയും ഉറപ്പുവരുത്തും. കമ്മിറ്റിയിൽ 50 ശതമാനം സ്ത്രീകൾ വേണം എന്ന നിബന്ധനയും പാലിക്കുന്നതായി അദ്ദേഹം പറഞ്ഞു.