കടലാസ് കിട്ടാനില്ല, ലങ്കയില്‍ പത്രങ്ങള്‍ അച്ചടി നിര്‍ത്തുന്നു
കൊളംബോ: വിദേശ നാണ്യ പ്രതിസന്ധി മൂലം ശ്രീലങ്കയില്‍ അവശ്യവസ്തുക്കളുടെ വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. അച്ചടിക്കടലാസിന്റെ ദൗര്‍ലഭ്യം മൂലം പത്രങ്ങള്‍ അച്ചടി നിര്‍ത്തുന്നു. പ്രസിദ്ധീകരണം നിര്‍ത്തുകയാണെന്ന് രാജ്യത്തെ പ്രധാനപ്പെട്ട രണ്ടു പത്രങ്ങള്‍ അറിയിച്ചു. ഇംഗ്ലീഷ് പത്രമായ ദി ഐലന്റും സഹോദര പ്രസിദ്ധീകരണമായ സിംഹള പത്രം ദിവായിനയുമാണ് പ്രസിദ്ധീകരണം നിര്‍ത്തിയത്. ന്യൂസ് പ്രിന്റ് കിട്ടാനില്ലാത്തതും വില കുത്തനെ കൂടിയതുമാണ് അച്ചടി നിര്‍ത്താന്‍ കാരണമെന്ന് പത്രങ്ങള്‍ അറിയിച്ചു.
പത്രക്കടലാസ് കിട്ടാനില്ലാത്തതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ പത്രം പ്രസിദ്ധീകരിക്കില്ലെന്ന് ദി ഐലന്റ് അറിയിപ്പില്‍ പറയുന്നു. 1981 മുതല്‍ അച്ചടി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ദി ഐലന്റ് ഇനി ഇ പേപ്പര്‍ ആയാണ് ലഭ്യമാവുക.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയിൽ പണം കൊടുത്താല്‍ പോലും ഇന്ധനവും ഭക്ഷ്യധാന്യങ്ങളും കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇന്ധന പമ്പുകളില്‍ ക്യൂ മണിക്കുറുകളോളം നീണ്ടത് പലയിടത്തും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പട്ടാളത്തെ നിയോഗിച്ചിരുന്നു. അതിനിടെ ലങ്കയില്‍ ഇന്ധന വിതരണം നടത്തുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സബ്‌സിഡിയറിയായ എല്‍ഐഒസി ഇന്നലെയും വില വര്‍ധിപ്പിച്ചു. രണ്ടു മാസത്തിനിടെ ഇതു നാലാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.