പാരാലിമ്പിക്‌സില്‍ ചരിത്രം കുറിച്ച് ഇന്ത്യ; ഭവിന പട്ടേല്‍ ഫൈനലില്‍.
ടോക്യോ: ടോക്കിയോ പാരാലിംപിക്സില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ. ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി ടേബിള്‍ ടെന്നീസില്‍ ഭവിന പട്ടേല്‍ ഫൈനലില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഇന്ത്യ പാരാലിംപിക്സില്‍ മെഡല്‍ ഉറപ്പിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം പാരാലിംപിക്സില്‍ ടേബിള്‍ ടെന്നീസ് ഫൈനലില്‍ പ്രവേശിക്കുന്നതും മെഡല്‍ ഉറപ്പിക്കുന്നതും.
ക്ലാസ് ഫോർ വനിതാ ടേബിൾ ടെന്നീസ് സെമിയിൽ ചൈനയുടെ ലോക മൂന്നാം നമ്പർ താരം ഷാങ് മിയാവോയെ അട്ടിമറിച്ചാണ് ഭവിന ഫൈനലിലേക്ക് യോഗ്യത നേടിയത്.
അഞ്ചു സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഭവിന ചൈനീസ് താരത്തെ മറികടന്നത്. സ്കോർ: 7-11, 11-7, 11-4, 9-11, 11-8. മത്സരം 34 മിനിട്ട് നീണ്ടു. റിയോ പാരാലിമ്പിക്സിലെ വെള്ളി മെഡൽ ജേതാവാണ് മിയാവോ.
ഫൈനലിൽ മറ്റൊരു ചൈനീസ് താരം ഴൂ യിംഗ് ആണ് ഭവിനയുടെ എതിരാളി. ഞായറാഴ്ച ഇന്ത്യൻ സമയം രാവിലെ 7.15ന് മത്സരം നടക്കും. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇരുവരും മത്സരിച്ചെങ്കിലും ചൈനീസ് താരം ഭവിനയെ കീഴടക്കിയിരുന്നു.
34 കാരിയായ ഭവിന അഹമ്മദാബാദ് സ്വദേശിനിയാണ്. ഫൈനലിൽ വിജയം നേടിയാൽ ഭവിനയെ കാത്തിരിക്കുന്നത് മറ്റൊരു ചരിത്ര നേട്ടമാണ്. പാരാലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം താരത്തിന് സ്വന്തമാക്കാം.