പാറശ്ശാല ഷാരോൺ വധക്കേസ്; ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങും
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം. കസ്റ്റഡിയിലിരിക്കെ അണുനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഗ്രീഷ്മയ്ക്ക് നിലവിൽ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ഗ്രീഷ്മയെ മെഡിക്കൽ സംഘം പരിശോധിക്കും. തുടർന്ന് സെൽ വാർഡിലേക്ക് മാറ്റിയ ശേഷം കസ്റ്റഡി അപേക്ഷ നൽകാനാണ് തീരുമാനം. ഗ്രീഷ്മയെ വീണ്ടും ചോദ്യം ചെയ്ത് കാരക്കോണം രാമവർമൻചിറയിലെ വീട്ടിലേക്ക് കൊണ്ടുപോയി തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അന്വേഷണ സംഘത്തെ സംബന്ധിച്ചിടത്തോളം കേസിലെ നിർണായക ഘട്ടമാണിത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും അമ്മാവൻ നിർമ്മൽ കുമാറിനെ നെയ്യാറ്റിൻകര സബ് ജയിലിലേക്കും മാറ്റി. ഇവരുടെ തെളിവെടുപ്പിനിടെ കണ്ടെത്തിയ കളനാശിനി കുപ്പി ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും.