‘പരീക്ഷാ പേ ചർച്ച’; മുൻ വർഷങ്ങളേക്കാൾ ജനകീയമാക്കാൻ കേന്ദ്രം
പാലക്കാട്: പരീക്ഷകളുടെ സമയം വന്നെത്തിക്കഴിഞ്ഞു. മോഡൽ പരീക്ഷ, യഥാർത്ഥ പരീക്ഷ, അതുകഴിഞ്ഞു പ്രവേശന പരീക്ഷ, തുടങ്ങിയ പരീക്ഷ സംബന്ധ വിഷയത്തിൽ കുട്ടികളുടെ ഉത്കണ്ഠ കുറയ്ക്കുന്നതിനുള്ള വഴികൾ തേടുന്നവരാണ് ഭൂരിഭാഗം ആളുകളും. തടസങ്ങൾ തരണം ചെയ്യാനും പരീക്ഷയെ സ്വാഭാവികമായി നേരിടാനുമുളള വഴികളെക്കുറിച്ച് ചർച്ചചെയ്യാനും നിർദേശങ്ങൾ അവതരിപ്പിക്കാനും ഉദ്ദേശിച്ച് പ്രധാനമന്ത്രി നേരിട്ടു നടത്തുന്ന ‘പരീക്ഷാ പേ ചർച്ച’ കൂടുതൽ ജനകീയമായി നടത്താനാണ് കേന്ദ്രത്തിൻ്റെ തീരുമാനം. പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ എല്ലാ ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ പരിപാടി അവതരിപ്പിക്കാനാണ് നീക്കം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ പുതിയ നിർദ്ദേശമനുസരിച്ച്, ജനപ്രതിനിധികളുടെയും വിദഗ്ധരുടെയും പങ്കാളിത്തത്തോടെ രാജ്യത്തുടനീളമുള്ള എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മറ്റ് നിരവധി സ്ഥലങ്ങളിലും 'പരീക്ഷാ പേ ചർച്ച' തത്സമയം പ്രദർശിപ്പിക്കും എന്നതാണ് ഈ വർഷത്തെ നൂതനാശയം. 'പരീക്ഷാ പേ ചർച്ച'യുടെ ഏഴാമത് എഡിഷൻ ഈ മാസം 27 ന് രാവിലെ 11 മണിക്ക് നടക്കും. പങ്കാളിത്തത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ഡിസംബർ 30ന് അവസാനിച്ചെങ്കിലും തീയതി നീട്ടിയിട്ടുണ്ട്.