കുവൈറ്റിൽ പാർലമെന്റ് ഇലക്ഷന് പുരോഗമിക്കുന്നു

50 പേരാണ് തിരഞ്ഞെടുപ്പിലൂടെ പാർലമെന്റിൽ എം പി മാരായി എത്തുക

കുവൈറ്റിലെ പതിനേഴാമത്‌ ദേശീയ അസംബ്ളി തെരഞ്ഞെടുപ്പ്‌ ആണ് നടക്കുന്നത് . രാവിലെ 8 മണി മുതൽ വൈകീട്ട്‌ എട്ട്‌ മണി വരെയാണ് വോട്ടിംഗ്‌ സമയം. അഞ്ചു മണ്ഠലങ്ങളിലായി 7,95,920 വോട്ടർമ്മാർക്കാണ് സമ്മതിദാനാവകാശം ഉള്ളത് . ആകെ 305 സ്ഥാനാർഥികളാണു ഇത്തവണ മത്സര രംഗത്തുള്ളത്‌, ഇതിൽ 22 പേർ സ്ത്രീകളാണ്. ആകെയുള്ള അഞ്ചു മണ്ഠലങ്ങളിൽ ഓരോ മണ്ഠലത്തിൽ നിന്നും ഏറ്റവും അധികം വോട്ടുകൾ നേടുന്ന പത്ത്‌ സ്ഥാനാർത്ഥികളെയാണു വിജയികളായി പ്രഖ്യാപിക്കുക. അങ്ങിനെ 50 പേരാണ് പാർലമെന്റിൽ എത്തുക . വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം അധികം വൈകാതെ തന്നെ വോട്ടെണ്ണൽ പ്രക്രിയകൾ ആരംഭിക്കും. 21 വയസ്സ്‌ പ്രായമായ കുവൈറ്റ് പൗരത്വം ഉള്ളവർക്കാണു വോട്ടവകാശം. 123 വിദ്യാലയങ്ങളിലാണു പോളിംഗ്‌ ബൂത്ത്‌ സജ്ജീകരിച്ചിരിക്കുന്നത്‌. ഇതിൽ അഞ്ചെണ്ണം ഓരോ മണ്ഠലത്തിലേയും ബൂത്ത്‌ ആസ്ഥാനമായും വോട്ടെണ്ണൽ കേന്ദ്രമായും പ്രവർത്തിക്കും.ഇന്ത്യയിൽ നിന്ന് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളും തെരഞ്ഞെടുപ്പ്‌ നിരീക്ഷകരായി രാജ്യത്ത്‌ എത്തിയിട്ടുണ്ട്‌.

പുരുഷ-സ്ത്രീ സ്ഥാനാർത്ഥികളായി 48 പേരാണ് ഒന്നാം മണ്ഠലത്തിൽ മത്സരിക്കുന്നത്‌. ഇവിടെ ആകെ 100,185 വോട്ടർമ്മാരാണുള്ളത്‌. 90478 വോട്ടർമ്മാരുള്ള രണ്ടാം മണ്ഠലത്തിൽ 48 സ്ഥാനാർത്തികളാണു മത്സരിക്കുന്നത്‌. മൂന്നാം മണ്ഡലത്തിൽ സ്ത്രീകളും പുരുഷന്മാരുമായി 138,364 വോട്ടർമാരാണുള്ളത്‌. ഇവിടെ 47 സ്ഥാനാർത്തികളാണു ജന വിധി തേടുന്നത്‌. നാലാം മണ്ഠലത്തിൽ ആകെ 208,971 ഉം അഞ്ചാം മണ്ഠലത്തിൽ 257913 ഉം വോടർമ്മാരാണുള്ളത്‌.നാലാം മണ്ഠലത്തിൽ 80 പേരും അഞ്ചാം മണ്ഡലത്തിൽ 82 പേരും ജന വിധി തേടുന്നു. തെരഞ്ഞെടുപ്പ്‌ പ്രമാണിച്ച്‌ രാജ്യത്തെ എല്ലാ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും പൊതു,സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ് .

Al Ansari_Kuwait.jpg

Related Posts