യുഎഇയിൽ നാളെ ഭാഗിക സൂര്യഗ്രഹണം; പള്ളികളിൽ പ്രത്യേക നമസ്കാരം നടത്തും
ദുബായ്: ഒക്ടോബർ 25ന് യുഎഇയിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്ന സാഹചര്യത്തിൽ ദുബായിലെ പള്ളികളിൽ പ്രത്യേക പ്രാർത്ഥന നടത്തും. ചൊവ്വാഴ്ച വൈകുന്നേരം അസർ നമസ്കാരത്തിന് ശേഷം സ്വലാത്ത്-ഉൽ-കുലൂഫ് എന്നറിയപ്പെടുന്ന ഗ്രഹണ നമസ്കാരം നടക്കുമെന്ന് ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്‍റ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഈ വർഷത്തെ അവസാന സൂര്യഗ്രഹണം യുഎഇയിൽ രണ്ട് മണിക്കൂർ നീണ്ടുനിൽക്കും. യൂറോപ്പ്, ഏഷ്യ, വടക്കേ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇ സമയം ഉച്ചയ്ക്ക് 2.42ന് ഗ്രഹണം ആരംഭിച്ച് 4.54ന് അവസാനിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. വൈകുന്നേരം 3.52 ന് ഇത് പൂർണ്ണ തോതിൽ ദൃശ്യമാകും. അടുത്ത സൂര്യഗ്രഹണം 2023 ഏപ്രിൽ 20ന് നടക്കും.