ലോകമേ തറവാട് സന്ദർശിച്ച് പാർവതി തിരുവോത്തും റിമ കല്ലിങ്കലും

ആലപ്പുഴയിലും എറണാകുളത്തും നടന്നുവരുന്ന ലോകമേ തറവാട് ആർട് എക്സിബിഷൻ വേദികൾ കയറിയിറങ്ങി ചലച്ചിത്ര താരങ്ങളായ പാർവതി തിരുവോത്തും റിമ കല്ലിങ്കലും. ഏറ്റവും ഊർജസ്വലമായ ദിവസമാണ് കടന്നുപോയതെന്ന് റിമ സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രദർശന വേദിയിൽ നിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും റിമ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

rimakallingal

നടന്നുനടന്ന് കാലുകൾ തളർന്നെങ്കിലും സർഗാത്മക സൃഷ്ടികൾ പകർന്നുതരുന്ന ആനന്ദംകൊണ്ട് മനസ്സും ഹൃദയവും തുള്ളിച്ചാടുകയാണ്. ചില കലാസൃഷ്ടികൾ മോഷ്ടിക്കാനുള്ള ഗൂഢാലോചന താനും പാർവതിയും ചേർന്ന് നടത്തുന്നത് കാണാനാകുമെന്ന് ഫോട്ടോകൾക്കൊപ്പമുള്ള രസകരമായ അടിക്കുറിപ്പിൽ റിമ എഴുതി. അവിസ്മരണീയമായ ഒരു ദിവസം സമ്മാനിച്ചതിന് ക്യൂറേറ്ററായ ബോസ് കൃഷ്ണമാചാരിക്കും ലോകമേ തറവാട് ടീമിനും നന്ദി പറഞ്ഞു കൊണ്ടാണ് റിമയുടെ കുറിപ്പ് അവസാനിക്കുന്നത്.

267 ആർടിസ്റ്റുകളുടെ വർക്കുകളാണ് ലോകമേ തറവാട്ടിൽ പ്രദർശിപ്പിക്കുന്നത്. സർക്കാർ സഹായത്തോടെ കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. മഹാകവി വള്ളത്തോളിൻ്റെ ലോകമേ തറവാട് എന്ന പ്രശസ്തമായ വരികളാണ് പ്രചോദനം. ദേശീയ-അന്തർദേശീയ തലങ്ങളിൽ പ്രശസ്തരായവരും കേരളത്തിൽ വേരുകളുള്ളവരുമായ ചിത്രകാരന്മാരുടെ പെയ്ൻ്റിങ്ങുകളാണ് പ്രദർശിപ്പിക്കുന്നത്. ആലപ്പുഴയിൽ ഏഴിടത്തും എറണാകുളത്ത് ദർബാർ ഹാളിലുമായി എട്ടിടത്താണ് എക്സിബിഷൻ നടക്കുന്നത്.

Related Posts