1000 കോടി ക്ലബ്ബിൽ ഇടം നേടി പഠാൻ; നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ചിത്രം
ഇന്ത്യൻ ബോക്സോഫീസിലെ ഏറ്റവും പുതിയ ചർച്ചാ വിഷയമാണ് പഠാൻ. കോവിഡ് മഹാമാരിക്ക് ശേഷം വലിയ തിരിച്ചടി നേരിട്ട ബോളിവുഡിന്‍റെ തിരിച്ചുവരവായാണ് ഈ വിജയത്തെ കാണക്കാക്കുന്നത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ 1000 കോടി എന്ന മാന്ത്രിക സംഖ്യയിലെത്തിയിരിക്കുകയാണ്. എന്നാൽ 1000 കോടി ക്ലബ്ബിൽ ഇടം നേടുന്നത് ഇന്ത്യൻ സിനിമയിൽ വലിയ പുതുമയല്ല. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ചിത്രമാണ് പഠാൻ. ഏഴ് വർഷം മുമ്പ് ഇറങ്ങിയ ബോളിവുഡ് ചിത്രമാണ് ആദ്യമായി 1000 കോടി ക്ലബ്ബിൽ കയറിയത്. നിതേഷ് തിവാരി സംവിധാനം ചെയ്ത ആമിർ ഖാൻ ചിത്രമായ ദംഗൽ ആയിരുന്നു അത്. തൊട്ടടുത്ത വർഷം, എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗവും 1,000 കോടി ക്ലബ്ബിൽ കടന്നു. കൊവിഡ് കാലത്തിന് ശേഷം ഇന്ത്യന്‍ സിനിമാ വ്യവസായത്തിനെ ഉണര്‍ത്തിയ രണ്ട് തെന്നിന്ത്യന്‍ ചിത്രങ്ങളാണ് പഠാന്‍ കൂടാതെ 1000 കോടി ക്ലബ്ബിലുള്ള രണ്ട് എന്‍ട്രികള്‍. പ്രശാന്ത് നീലിന്‍റെ കെജിഎഫ് ചാപ്റ്റർ 2, എസ്എസ് രാജമൗലിയുടെ ആർആർആർ എന്നിവയാണ് മറ്റ് രണ്ടെണ്ണം. പട്ടികയിലെ അഞ്ച് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ ഇപ്പോഴും ഏഴ് വർഷം മുമ്പ് പുറത്തിറങ്ങിയ ദംഗലിന്‍റെ പേരിലാണെന്നതാണ് ശ്രദ്ധേയം.