ആകാംഷക്ക് വിട; ചരിത്ര വിജയം ആവർത്തിക്കാൻ 'പത്താൻ' ഒടിടിയിലേക്ക്
ഇന്ത്യൻ ബോക്സോഫീസിൽ 500 കോടിയും ആഗോള ബോക്സോഫീസിൽ 1,000 കോടിയും കടന്ന ഷാരൂഖ് ഖാൻ ചിത്രമാണ് 'പത്താൻ'. തിയേറ്ററിൽ 50 ദിവസം പിന്നിട്ട ചിത്രത്തിൻ്റെ ഒടിടി റിലീസ് തീയതിയെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പത്താന്‍റെ ഒടിടി പ്രീമിയർ 56 ദിവസത്തിന് ശേഷമാണ് ചാർട്ട് ചെയ്തിരിക്കുന്നതെന്നും അതനുസരിച്ച് മാർച്ച് 22 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. പത്താൻ ആമസോൺ പ്രൈം വീഡിയോയിലാവും റിലീസ് ചെയ്യുക. ബോക്സ് ഓഫീസ് റെക്കോർഡുകൾ പലതും തകർത്തതുപോലെ ചിത്രം ഒടിടിയിലും റെക്കോർഡ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും, ഒടിടി റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നിർമ്മാതാക്കളോ ഒടിടി പ്ലാറ്റ്ഫോമോ ഇതുവരെ നടത്തിയിട്ടില്ല. ഇന്നലെയാണ് ചിത്രം തിയേറ്ററുകളിൽ 50 ദിവസം പൂർത്തിയാക്കിയത്. പത്താൻ ഇപ്പോഴും ലോകമെമ്പാടുമുള്ള 20 രാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ 800 സ്ക്രീനുകളിലും വിദേശ വിപണികളിൽ 135 സ്ക്രീനുകളിലും. ലോകത്താകമാനം 8,000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.