ജപ്പാനിലെ ആശുപത്രിയിൽ 30 വർഷത്തോളം രോഗികൾ കുടിച്ചത് ടോയ്ലറ്റിലേക്ക് പോകേണ്ട വെള്ളം
ജപ്പാനിലെ ഒരു ആശുപത്രിയിൽ കുടിവെള്ള പൈപ്പുകളിലൂടെ വിതരണം ചെയ്തത് ടോയ്ലറ്റ് ഉപയോഗത്തിന് ഉദ്ദേശിച്ചിരുന്ന വെള്ളമാണെന്ന് കണ്ടെത്തി. പ്രശസ്തമായ ഒസാക്ക യൂണിവേഴ്സിറ്റിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സർവകലാശാലയോട് ചേർന്നുള്ള ക്ലിനിക്കിലേക്കുള്ള പ്ലംബിങ്ങിൽ സംഭവിച്ച പിഴവാണ് മൂന്ന് പതിറ്റാണ്ട് കാലം രോഗികൾ അടക്കമുള്ളവരെ ടോയ്ലറ്റ് വാട്ടർ കുടിപ്പിച്ചത്. 1993-ലാണ് ആശുപത്രി കെട്ടിടം പണികഴിപ്പിച്ചത്.
കൗതുകകരമായ കാര്യം വെള്ളത്തിൻ്റെ ഗുണനിലവാരത്തെ കുറിച്ചോ ശുദ്ധതയെ സംബന്ധിച്ചോ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലവും പരാതികൾ ഒന്നും ഉയർന്നു വന്നില്ല എന്നതാണ്. പുതിയൊരു ട്രീറ്റ്മെൻ്റ് പ്ലാൻ്റ് പണി കഴിപ്പിക്കുന്നതിനിടയിലാണ് പഴയ പ്ലംബിങ്ങിൽ സംഭവിച്ച ഗുരുതരമായ അപാകതകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. 2014 മുതൽ വെള്ളത്തിൻ്റെ ഗുണനിലവാരം ഓരോ ആഴ്ചയിലും പരിശോധിച്ചു പോരുന്നതിൻ്റെ റിപ്പോർട്ടുകൾ ആശുപത്രിയിൽ ലഭ്യമാണ്. അതിൽ ഒന്നിലും ഏതെങ്കിലും വിധത്തിലുള്ള അപാകതകൾ കണ്ടെത്തിയിരുന്നില്ല. എന്തായാലും വിചിത്രമായ സംഭവത്തെപ്പറ്റി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.