നാട്ടിക മണ്ഡലത്തിൽ പട്ടയ അസംബ്ലി സംഘടിപ്പിച്ചു

നാട്ടിക നിയോജക മണ്ഡലത്തിൽ കൊടുത്ത് തീർക്കാനുള്ള അവശേഷിക്കുന്ന 402 പട്ടയങ്ങളെ കുറിച്ച് വിശദമായി പഠിച്ച് അർഹതപ്പെട്ടവർക്ക് പട്ടയം കൊടുക്കണമെന്ന് സി സി മുകുന്ദൻ എംഎൽഎ. ചാഴൂർ അച്യുത മേനോൻ സ്മാരക കമ്മ്യൂണിറ്റി ഹാളിൽ റവന്യു വകുപ്പ് സംഘടിപ്പിച്ച നാട്ടിക നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലിയിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എംഎൽഎ.

സർക്കാർ നൽകുന്ന ഗ്രാന്റ് കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കണമെന്നും ഉദ്യോഗസ്ഥർ സമയബന്ധിതമായി കാര്യനിർവഹണം നടത്തണമെന്നും ഉദ്യോഗസ്ഥരോട് എംഎൽഎ പറഞ്ഞു. കൂടാതെ സേവനങ്ങൾ പൂർണ്ണമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഒറ്റക്കെട്ടായി എല്ലാവരും പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. മണ്ഡലത്തിലെ പട്ടയവിഷയങ്ങളിൽ ജനപ്രതിനിധികൾ വഹിക്കുന്ന പങ്കിന്റെ പ്രധാന്യവും എം എൽ എ വിശദീകരിച്ചു.

പട്ടയം നൽകുന്നതിൽ വരുന്ന പ്രശ്നങ്ങൾ കണ്ടെത്തി അർഹരായവർക്ക് പട്ടയം അതിവേഗം വിതരണം ചെയ്യുന്നതിനാണ് പട്ടയ മിഷന്റെ ഭാഗമായി മണ്ഡലാടിസ്ഥാനത്തിൽ പട്ടയ അസംബ്ലികൾ സംഘടിപ്പിക്കുന്നത്.

ചടങ്ങിൽ പട്ടയമിഷൻ രൂപീകരണവും പ്രവർത്തന രീതിയും സംബന്ധിച്ച് എൽ ആർ ഡെപ്യൂട്ടി കലക്ടർ പി എ വിഭൂഷണൻ വിശദീകരിച്ചു. വിതരണത്തിൽ നേരിടുന്ന സാകേതിക പ്രശ്നങ്ങളെ സംബന്ധിച്ച് റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാർ അനൂബ് സി ബി പഠന ക്ലാസ് നടത്തി.

ചടങ്ങിൽ തൃശൂർ തഹ്സിൽദാർ ടി ജയശ്രീ, നാട്ടിക മണ്ഡലം നോഡൽ ഓഫീസർ പി യു റഫീഖ്‌, ജില്ലാ പഞ്ചായത്തംഗം ഷീന പറയങ്ങാട്ടിൽ, പഞ്ചായത്ത് പ്രസിഡന്റ്മാർ, വില്ലേജ് ഓഫീസർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Posts